‘ജനങ്ങളിൽനിന്ന് പണം തട്ടിയെടുത്ത് ജീവിതം തകർക്കുന്നു...’; ഇ20 നയത്തിൽ കേന്ദ്ര സർക്കാറിനെതിരെ രാഹുൽ ഗാന്ധി; കാമ്പയിനുമായി കോൺഗ്രസ്
text_fieldsരാഹുൽ ഗാന്ധി
ന്യൂഡൽഹി: പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന കേന്ദ്ര സർക്കാറിന്റെ ഇ20 നയത്തിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനങ്ങളിൽനിന്ന് പണം തട്ടിയെടുത്ത് അവരുടെ ജീവിതവും കാറും നശിപ്പിക്കുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി.
ഇ20 ഗൗരവമേറിയ വിഷയമാണ്, വാഹന ഉടമകൾക്കുണ്ടാകുന്ന കേടുപാടുകൾ സർക്കാർ അവഗണിക്കുകയാണെന്നും എക്സിൽ പങ്കുവെച്ച വിഡിയോയിൽ രാഹുൽ പറഞ്ഞു. ആളുകളുടെ പണം നേരിട്ട് കൊള്ളയടിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ രാഹുൽ ഈ വിഷയത്തിൽ വലിയൊരു പ്രക്ഷോഭംതന്നെ സംഘടിപ്പിക്കുമെന്നും വിശദീകരിച്ചു. ‘ഈ ഇ20 വിഷയം വളരെ ഗൗരവമേറിയ ഒന്നാണ്. സാധാരണയായി നമ്മൾ എവിടെയോ എന്തോ തകരാറുണ്ട് എന്നാണ് പറയുന്നത്, ഈ കാര്യത്തിൽ മൊത്തം കുഴപ്പമാണ്. വിഷയം ശക്തമായി ഏറ്റെടുക്കും; കാരണം ഇത് ആളുകളുടെ കാറുകളും സ്കൂട്ടറുകളും തകർക്കുന്നു, അവരുടെ ജീവിതം നശിപ്പിക്കുന്നു, മാത്രമല്ല ജനങ്ങളെ നേരിട്ട് കൊള്ളയടിക്കുകയാണ്’ -രാഹുൽ വിഡിയോയിൽ പറയുന്നു.
കഴിഞ്ഞ മാർച്ച് മുതൽ രാജ്യത്തെ സാധാരണ പെട്രോൾ പമ്പുകളിൽ പ്രായോഗികമായി ഇ20 പെട്രോൾ മാത്രമാണ് വിതരണം ചെയ്യുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും വ്യക്തമാക്കി. എഥനോൾ കലർത്തൽ വഴി ഡീസൽ ലിറ്ററിന് 50 രൂപയായും പെട്രോൾ ഇതര ഇന്ധനം 55 രൂപയായും കുറയുമെന്നായിരുന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ മുൻകാല അവകാശവാദങ്ങൾ. എന്നാൽ അത്തരത്തിലുള്ള വിലക്കുറവൊന്നും നടപ്പായില്ല.
കുറഞ്ഞ മൈലേജ് കാരണം ഉപഭോക്താക്കൾക്കുണ്ടായ നഷ്ടം നികത്താൻ 2023 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ മാത്രം രാജ്യത്തെ ഉപഭോക്താക്കൾ ആകെ 88,234 കോടി രൂപയോളം അധികമായി ചെലവഴിച്ചു. കുറഞ്ഞ ഇന്ധനക്ഷമത പരിഹരിക്കാൻ ഇ20 പെട്രോളിന്റെ ചില്ലറ വിൽപന വില കുറക്കാൻ കേന്ദ്രത്തിന് കഴിയുമായിരുന്നുവെന്നും എന്നാൽ ഇടത്തരം ജനങ്ങൾക്ക് മറ്റു മാർഗങ്ങൾ ഇല്ലാതാക്കി അധിക ഭാരം അടിച്ചേൽപിക്കുകയാണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ഈ പദ്ധതിയിലൂടെ ഏറ്റവും കൂടുതൽ നേട്ടം കൊയ്തത് എഥനോൾ ഉൽപാദകരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി, സർക്കാറിന്റെ ഇ20 പദ്ധതിയെ ന്യായീകരിച്ച് രംഗത്തുവന്നു. പ്രതിപക്ഷം അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എഥനോൾ മിശ്രണ പദ്ധതി മികച്ച ഫലങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

