ന്യൂഡൽഹി: ജാമിഅ സർവകലാശാല വിദ്യാർഥികളുടെ പ്രതിഷേധത്തിന് നേരെ വെടിയുതിർക്കാൻ പണം കൊടുത്ത് അക്രമിയെ ഇറക്കിയതാരെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അക്രമി ഒരു സംഘടനയിലും പ്രവർത്തിക്കുന്ന വ്യക്തിയല്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കാൻ പണം നൽകി അക്രമിയെ അയച്ചതാരാണെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
രാം ഭക്ത് ഗോപാൽ എന്ന സംഘ്പരിവാർ പ്രവർത്തകനാണ് വിദ്യാർഥികൾക്ക് നേരെ വെടിവെപ്പ് നടത്തിയത്. ഉത്തർപ്രദേശ് സ്വദേശിയായ ഇയാൾ 11ാം ക്ലാസ് വിദ്യാർഥിയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് 17 കാരനായ ഇയാൾക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കി. ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങളും ഇയാളുടെ പേരില്‍ ചുമത്തിയിട്ടുണ്ട്.
അക്രമി ഒരു സംഘടനയുമായി ബന്ധപ്പെട്ട വ്യക്തിയല്ലെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പൗരത്വ പ്രതിഷേധ പരിപാടികളും പ്രക്ഷോഭങ്ങളും കണ്ട ശേഷമുണ്ടായ മാറ്റമാണ് അക്രമത്തിന് പിന്നിലെന്നുമാണ് പൊലീസ് ഭാഷ്യം. എന്നാൽ ഇയാൾ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനാണെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ബജ്‌റംഗ് ദള്‍ റാലികളില്‍ ഇയാള്‍ പങ്കെടുത്തതിെൻറ ചിത്രങ്ങളും മറ്റും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.