‘നല്ല പ്രവർത്തനം തുടരാൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു’; നേതൃമാറ്റത്തിൽ പ്രതികരിക്കാതെ ഡി.കെ. ശിവകുമാർ
text_fieldsരാഹുൽ ഗാന്ധിയും ഡി.കെ. ശിവകുമാറും കൂടിക്കാഴ്ച നടത്തിയപ്പോൾ
ബംഗളൂരു: കർണാടകയിലെ നേതൃമാറ്റ അഭ്യൂഹങ്ങൾക്കിടെ, രാഹുൽ ഗാന്ധിയുമായുള്ള തന്റെ കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തലുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രംഗത്തെത്തി. സംസ്ഥാനത്ത് സർക്കാർ നടപ്പിലാക്കുന്ന നല്ല പ്രവർത്തനങ്ങൾ തുടരാനാണ് രാഹുൽ ഗാന്ധി നിർദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച മൈസൂരു വിമാനത്താവളത്തിൽ വെച്ചാണ് രാഹുൽ ഗാന്ധി മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഡി.കെ. ശിവകുമാറുമായും ഹ്രസ്വമായ കൂടിക്കാഴ്ച നടത്തിയത്.
പ്രത്യേകമായി മറ്റ് സന്ദേശങ്ങളൊന്നുമില്ലെന്നും, ഭരണപരമായ കാര്യങ്ങളിൽ നിലവിലുള്ള മുന്നേറ്റം തുടരാനാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും തൊഴിലുറപ്പ് പദ്ധതിയുമായി സംബന്ധിച്ച കാര്യങ്ങളും രാഹുലുമായി ചർച്ച ചെയ്തെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ശ്രമങ്ങൾ പരാജയപ്പെട്ടേക്കാം, പക്ഷേ പ്രാർത്ഥനകൾ പരാജയപ്പെടില്ല’ എന്ന ശിവകുമാറിന്റെ സമൂഹമാധ്യമ പോസ്റ്റ് വലിയ ചർച്ചയായിരുന്നു. എന്നാൽ ഇത് വൊക്കലിഗ എക്സ്പോയിൽ താൻ നടത്തിയ പ്രസംഗത്തിലെ വരികൾ മാത്രമാണെന്നും ഇതിന് രാഷ്ട്രീയ വ്യാഖ്യാനങ്ങൾ നൽകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ ജനുവരി 16ന് താൻ ഡൽഹിക്ക് പോകുമെന്നും അദ്ദേഹം അറിയിച്ചു.
കർണാടക കോൺഗ്രസിനുള്ളിലെ അധികാര തർക്കങ്ങളെക്കുറിച്ചുള്ള വാർത്തകൾക്കിടയിലാണ് ഡി.കെ പ്രതികരണവുമായി രംഗത്തു വരുന്നത്. നേരത്തെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചക്ക് അനുമതി തേടിയിരുന്നു. മന്ത്രിസഭാ വിപുലീകരണത്തിന് താൻ താല്പര്യപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും രണ്ടര വർഷം വീതം മുഖ്യമന്ത്രി പദം പങ്കിടുമെന്ന ധാരണ നേരത്തെ ഉണ്ടായിരുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. സിദ്ധരാമയ്യ കാലാവധിയുടെ പകുതി പൂർത്തിയാക്കിയ സാഹചര്യത്തിൽ ശിവകുമാർ പക്ഷത്തെ ചില എം.എൽ.എമാർ നേതൃമാറ്റത്തിനായി സമ്മർദം ചെലുത്തി. എന്നാൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇത്തരം തർക്കങ്ങളെ തള്ളിക്കളയുകയാണ് ചെയ്തത്. സിദ്ധരാമയ്യ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുമെന്നും പാർട്ടിയിൽ നിലവിൽ ആശയക്കുഴപ്പങ്ങളില്ലെന്നുമാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേരത്തെ വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

