പൊലീസിനെ വിട്ടാൽ ഭയക്കില്ല -ഖാർഗെ
text_fieldsന്യൂഡൽഹി: പൊലീസിനെ വീട്ടിലേക്ക് അയച്ചതു കൊണ്ട് രാഹുൽ ഗാന്ധിയും കോൺഗ്രസും ഭയക്കില്ലെന്ന് എ.ഐ.സി.സി അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. അദാനി വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പൊലീസിനെ അയച്ച് അവർ ചോദ്യങ്ങൾ ചോദിക്കുന്നത്. അദാനിയെ രക്ഷപ്പെടുത്താൻ അവർ ശ്രമിക്കുന്തോറും അവരെ തങ്ങൾ ചോദ്യം ചെയ്തുകൊണ്ടിരിക്കുമെന്നും ഖാർഗെ പറഞ്ഞു.
രാഹുലിൽനിന്ന് ഡൽഹി പൊലീസ് തേടുന്നതെന്ത് -ശശി തരൂർ
ന്യൂഡൽഹി: കൂട്ടബലാത്സംഗത്തിനിരയായെന്ന് ചില സ്ത്രീകൾ തന്നോട് വെളിപ്പെടുത്തിയെന്ന പ്രസ്താവനയുടെ പേരിൽ രാഹുൽ ഗാന്ധിയുടെ പിന്നാലെ പോകുന്ന ഡൽഹി പൊലീസ് നടപടി ചോദ്യംചെയ്ത് കോൺഗ്രസ് നേതാവ് ശശി തരൂർ.
തങ്ങളുടെ പ്രസ്താവന പരസ്യമാക്കാനോ പൊലീസിനെ ഉൾപ്പെടുത്താനോ ഉദ്ദേശിക്കുന്നില്ലെന്ന് പ്രസ്തുത വനിതകൾ വ്യക്തമാക്കിയെന്ന് രാഹുൽ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും പിന്നെന്താണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിൽ കൂടി പൊലീസ് ഉദ്ദേശിക്കുന്നതെന്നും തരൂർ ചോദിച്ചു. ട്വിറ്ററിലാണ് തരൂർ ഇക്കാര്യം ചോദിച്ചത്.
വിവരമറിയാൻ പൊലീസിന് അവകാശമുണ്ട് -ബി.ജെ.പി
ന്യൂഡൽഹി: ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് എം.പി എന്ന നിലയിൽ രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ടെങ്കിൽ ഈ വിവരമറിയാൻ പൊലീസിന് അവകാശമുണ്ടെന്ന് ബി.ജെ.പി വക്താവ് സംബീത് പത്ര പ്രതികരിച്ചു.
ഞായറാഴ്ച പൊലീസ് രാഹുലിന്റെ വസതിയിലെത്തി അവരെ കുറിച്ചുള്ള വിവരം നൽകാനാവശ്യപ്പെട്ടുവെന്നും ജനാധിപത്യം അപകടത്തിലായെന്ന് അപ്പോൾ കോൺഗ്രസ് പറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലൈംഗിക പീഡനത്തിനിരയായ സ്ത്രീകളുടെ പേരുകൾ നൽകാതെ എങ്ങനെ അവർക്ക് നീതി കിട്ടുമെന്ന് ബി.ജെ.പി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ ചോദിച്ചു.രാഹുൽ ഗാന്ധി ജനാധിപത്യത്തിന്റെ എല്ലാ അതിരുകളും ലംഘിച്ചുവെന്ന് ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ ആരോപിച്ചു. കോൺഗ്രസ് മാനസികമായി പാപ്പരായിരിക്കുന്നു, ഇന്ത്യയിൽ ജനാധിപത്യം ഭീഷണിയിലാണെന്ന് പറഞ്ഞ് അമേരിക്കയെയും യൂറോപ്യൻ രാജ്യങ്ങളെയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ രാഹുൽ പ്രേരിപ്പിക്കുകയാണ്.