അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ച കേസ് ; രാഹുൽ കുറ്റവിമുക്തൻ
text_fieldsന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ച കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശിലെ സുൽത്താൻപൂർ കോടതി കുറ്റമുക്തനാക്കി വെറുതെവിട്ടു. 2018ൽ രാഹുൽ, അമിത് ഷാക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ മാനനഷ്ടക്കേസിലാണ് സുൽത്താൻപൂർ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശുഭം വർമ വിധി പ്രസ്താവിച്ചത്. എം.പി, എം.എൽ.എമാരുടെ കേസുകൾക്കുള്ള പ്രത്യേക കോടതിയിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു വിധിപ്രസ്താവം.
രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനകൾ അപകീർത്തികരമാണെന്ന് സ്ഥാപിക്കാൻ ഹരജിക്കാരനായില്ലെന്ന് ഉത്തരവിൽ സുൽത്താൻപൂർ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വ്യക്തമാക്കി. ഹരജിക്കാരനായ വിജയ് മിശ്രക്ക്, മാനഹാനി സംഭവിച്ചുവെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകൾ ഹാജരാക്കാനും കഴിഞ്ഞിട്ടില്ലെന്ന് ഉത്തരവ് ചൂണ്ടിക്കാട്ടി. ആദ്യം ഈ മാസം 13നുണ്ടാകുമെന്ന് പറഞ്ഞിരുന്ന വിധിപ്രസ്താവം പിന്നീട് 26ലേക്ക് മാറ്റുകയായിരുന്നു. കോടതി വിധിയെ സ്വാഗതം ചെയ്ത രാഹുൽ ഗാന്ധി, ഇത് സത്യത്തിന്റെ വിജയമാണെന്ന് പ്രതികരിച്ചു.
തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ഭരണപക്ഷം നിരവധി കേസുകൾ ചുമത്തിയിട്ടുണ്ടെന്നും അവക്ക് യാതൊരു വസ്തുതാപരമായ അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.നരേന്ദ്ര മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരിക്കെ സൊഹ്റാബുദ്ദീൻ ശൈഖ്, ഭാര്യ കൗസർബി, ദൃക്സാക്ഷി തുളസീറാം പ്രജാപതി എന്നിവരെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ കേസിൽ, ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ സി.ബി.ഐ പ്രതിയാക്കിയത് പരാമർശിച്ചാണ് 2018ൽ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, അമിത് ഷാ കൊലക്കേസ് പ്രതിയാണെന്ന് രാഹുൽ ഗാന്ധി പരോക്ഷമായി പരാമർശിച്ചത്. കേസിൽ അമിത് ഷായെ 2014ൽ പ്രത്യേക സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
“സത്യസന്ധതയെയും മാന്യതയെയും കുറിച്ച് സംസാരിക്കുന്ന പാർട്ടിയുടെ അധ്യക്ഷൻ കൊലക്കേസിൽ ആരോപണവിധേയനാണ്” എന്നായിരുന്നു ബംഗളൂരുവിൽ രാഹുൽ ഗാന്ധി പ്രസംഗിച്ചത്.ഇതിനെതിരെ യു.പിയിലെ ബി.ജെ.പി നേതാവ് വിനയ് മിശ്ര നൽകിയ പരാതിയെ തുടർന്നാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 499, 500 വകുപ്പുകൾ പ്രകാരം ക്രിമിനൽ മാനനഷ്ടക്കേസ് രജിസ്റ്റർ ചെയ്തത്. 2023ൽ കോടതിയിൽ ഹാജരായ രാഹുൽ ഈ കേസിൽ ഇതുവരെ ജാമ്യത്തിലായിരുന്നു.
എന്താണ് സൊഹ്റാബുദ്ദീൻ കേസ്?
2005 നവംബറിലാണ് ലഷ്കർ-ഇ-തൊയ്ബ ബന്ധം ആരോപിക്കപ്പെട്ട സൊഹ്റാബുദ്ദീൻ ശൈഖ് എന്നയാളെ ഗുജറാത്ത് പൊലീസിന്റെ ഭീകരവിരുദ്ധ സേന ഏറ്റുമുട്ടലിൽ വധിക്കുന്നത്. പിന്നീട് ഇദ്ദേഹത്തിന്റെ ഭാര്യ കൗസർ ബിയും കേസിലെ പ്രധാന സാക്ഷിയായ തുളസീറാം പ്രജാപതിയും സമാന സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടു. ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന പരാതിയിൽ സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുകയും അന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും പ്രതിചേർക്കുകയും ചെയ്തു.

