
'ബി.ജെ.പിക്ക് ഡിസ്ലൈക് നിർത്തലാക്കാൻ കഴിഞ്ഞേക്കാം, പക്ഷേ നിങ്ങൾ ശബ്ദിക്കുന്നത് നിർത്തലാക്കാനാകില്ല'
text_fieldsന്യൂഡൽഹി: യൂട്യൂബിൽനിന്നും ഡിസ്ലൈക് ഓപ്ഷൻ ഒഴിവാക്കുന്ന ബി.ജെ.പിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. 'അവർക്ക് ഡിസ്ലൈക്കുകളും കമൻറുകളും നിർത്തലാക്കാൻ പറ്റിയേക്കാം, പക്ഷേ നിങ്ങൾ ശബ്ദിക്കുന്നത് നിർത്താൻ കഴിയില്ല. നിങ്ങളുടെ ശബ്ദം ഞങ്ങൾ ലോകത്തിന് മുന്നിലെത്തിക്കും' - രാഹുൽ ട്വീറ്റ് ചെയ്തു.
രാജ്യം സ്വയം പര്യാപ്തത നേടാൻ വീടുകളിൽ ഇന്ത്യൻ പട്ടിയെ വളർത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന് 12 ലക്ഷത്തിലേറെ ഡിസ്ലൈക് ലഭിച്ചിരുന്നു. തുടർന്നുള്ള പ്രസംഗങ്ങൾക്കും ഡിസ്ലൈക് വർധിച്ചതിന് പിന്നാലെ ഡിസ്ലൈക് ഓപ്ഷനും നെഗറ്റീവ് കമൻറുകളും ഒഴിവാക്കാൻ ബി.ജെ.പി തീരുമാനിക്കുന്നുവെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിൽ ആർ.ആർ.ബി പരീക്ഷ ടാഗോടെയാണ് രാഹുലിൻെറ പുതിയ ട്വീറ്റ്.
കോവിഡ് ഭീതിത സാഹചര്യത്തിൽ നീറ്റ്, ജെ.ഇ.ഇ പരീക്ഷകളെഴുതാൻ നിർബന്ധിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് വിദ്യാർഥികളായിരുന്നു ഡിസ്ലൈക്കടിക്കുന്നതിൽ മുന്നിലുണ്ടായിരുന്നത്. എന്നാൽ സംഗതി കൈവിട്ടതോടെ ഡിസ്ലൈക് കാമ്പയിൻ കോൺഗ്രസിൻെറ പണിയാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. ആർ.ആർ.ബി പരീക്ഷ തീയ്യതി പ്രഖ്യാപിച്ചതിനുപിന്നാലെയും സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധങ്ങൾ കേന്ദ്ര സർക്കാരിനെതിരെ ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
