
'ഇന്ത്യയുടെ നമ്പർ എപ്പോഴെത്തും മോദിജി'; രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ആരംഭിക്കാത്തതിൽ രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം എന്നു തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദിച്ചു.
'ലോകത്തിലെ 23 ലക്ഷം പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു. ചൈന, യു.എസ്, റഷ്യ തുടങ്ങിയ രാജ്യങ്ങൾ വാക്സിനേഷൻ ആരംഭിച്ചു. ഇന്ത്യയുടെ നമ്പർ എപ്പോൾ എത്തും മോദിജി' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കോവിഡ് വാക്സിൻ വിതരണത്തിന്‍റെ കണക്കുകൾ ഗ്രാഫിൽ ചിത്രീകരിച്ചത് പങ്കുവെച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
രാജ്യത്ത് കോവിഡ് വാക്സിൻ വിതരണത്തിന് ഇതുവരെ അനുമതി നൽകിയിട്ടില്ല. അടുത്ത ആഴ്ചയോടെ ഓക്സ്ഫഡിന്റെ ആസ്ട്രസെനക വാക്സിന് അനുമതി നൽകുമെന്നാണ് വിവരം.
മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ട 30 കോടി ഇന്ത്യക്കാർക്ക് ആദ്യഘട്ടത്തിൽ കോവിഡ് വാക്സിൻ നൽകാനാണ് തീരുമാനമെന്ന് കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ അറിയിച്ചിരുന്നു. ആരോഗ്യ പ്രവർത്തകർ, പൊലീസ്, സൈന്യം, ശുചീകരണ തൊഴിലാളികൾ, 50 വയസിന് മുകളിലുള്ളവർ, 50 വയസിൽ താഴെയുള്ള ഗുരുതര രോഗമുള്ളവർ തുടങ്ങിയവർക്കാകും ആദ്യ ഘട്ടത്തിൽ ഇന്ത്യയിൽ വാക്സിൻ ലഭ്യമാക്കുക. ജനുവരിയിൽ കോവിഡ് വാക്സിൻ ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
