പാർലമെൻററി സമിതിയിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് സ്പീക്കർക്ക് രാഹുൽ ഗാന്ധിയുടെ കത്ത്
text_fieldsന്യൂഡൽഹി: പാർലമെൻററി സമിതിയിൽ തെരഞ്ഞെടുക്കപ്പെട്ട എം.പിമാർക്ക് സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്സഭാ സ്പീക്കർ ഓം ബിർലക്ക് കത്ത് നൽകി.
ബി.ജെ.പി അംഗങ്ങൾ സംസാരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ബുധനാഴ്ച നടന്ന പ്രതിരോധ പാർലമെൻററി സമിതി യോഗത്തിൽനിന്ന് രാഹുലടക്കം മൂന്നുപേർ ഇറങ്ങിപ്പോയിരുന്നു. തുടർന്നാണ് എം.പിമാരുടെ അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സ്പീക്കർക്ക് കത്ത് നൽകിയത്. യോഗത്തിൽ കിഴക്കൻ ലഡാക്കിലെ ചൈനാ കടന്നാക്രമണവും കൊടുംതണുപ്പിലെ സൈനികരുടെ ക്ഷേമവും സംബന്ധിച്ച വിഷയങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ സമിതി ചെയർമാനും ബി.ജെ.പി എം.പിയുമായ ജുവൽ ഓറം സമ്മതിക്കാതിരുന്നതിനെ തുടർന്നാണ് രാഹുലും കോൺഗ്രസ് പ്രതിനിധികളായ രാജീവ് സതവ്, രേവതി റെഡ്ഡി എന്നിവർ യോഗം ബഹിഷ്കരിച്ചത്.
സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും യോഗത്തിൽ പങ്കെടുത്തിരുന്നു. മുൻ ലഫ്റ്റനൻറ് ജനറലും ബി.ജെ.പി രാജ്യസഭ അംഗവുമായ ദേവേന്ദർ പോൾ വാട്സാണ് സൈനികരുടെ യൂനിഫോം സംബന്ധിച്ച ചർച്ചക്ക് തുടക്കമിട്ടത്.
മൂന്നു സേനകളിലെയും യൂനിഫോമുകൾ ഏകീകരിക്കണം എന്നായിരുന്നു അദ്ദേഹത്തിെൻറ ആവശ്യം.
ചർച്ച നീണ്ടപ്പോൾ സൈനിക യൂനിഫോമിെൻറ കാര്യം രാഷ്ട്രീയക്കാരല്ല തീരുമാനിക്കേണ്ടതെന്നും ജനപ്രതിനിധികൾക്ക് സുപ്രധാന വിഷയങ്ങൾ വേറെയുണ്ടെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
സൈനികരുടെ യൂനിഫോമിെൻറ കാര്യം അവർ നോക്കിക്കൊള്ളുമെന്നും ചൈനയോട് പോരാടുന്ന സൈനികർക്ക് തണുപ്പിനെ പ്രതിരോധിക്കുന്ന കൂടാരങ്ങളും ബൂട്ടുകളും നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
ജുവൽ ഓറം ഇതോടെ രാഹുലിനെ സംസാരിക്കുന്നതിൽനിന്നും തടയുകയും ബി.ജെ.പി അംഗങ്ങൾ വാഗ്വാദത്തിന് മുതിരുകയും ചെയ്തു. തുടർന്ന് രാഹുലും മറ്റു രണ്ടുപേരും ഇറങ്ങിപ്പോകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

