യു.എസ് കരാർ റദ്ദാക്കാൻ മോദിയെ വെല്ലുവിളിച്ച് രാഹുൽ
text_fieldsപ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭോപാൽ: നിയമവിരുദ്ധമെന്നുപറഞ്ഞ് ട്രംപിന്റെ തീരുവ യു.എസ് സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ യു.എസുമായുള്ള കരാർ റദ്ദാക്കാൻ മോദിയെ രാഹുൽ ഗാന്ധി വെല്ലുവിളിച്ചു. എന്നാൽ, ട്രംപിന് മുന്നിൽ പെട്ടുപോയ എപ്സ്റ്റീൻ ഫയലിൽ കുടുങ്ങിയ മോദിക്ക് അതിന് കഴിയില്ലെന്നും ഈ കരാറിൽ മോദിയെ കുടുക്കിയതാണെന്ന് അദ്ദേഹത്തിന്റെ കണ്ണുകൾ തന്നെ പറയുന്നുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ചൈനീസ് സൈന്യം ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നപ്പോൾ എന്തു ചെയ്യണമെന്ന് ചോദിച്ച മുൻ കരസേനാ മേധാവിയോട് ‘ഉചിതമായി തോന്നിയത് ചെയ്തോളൂ’ എന്നു പറഞ്ഞപോലെ, യു.എസ് പ്രസിഡന്റിന്റെ ഭീഷണി വന്നപ്പോൾ വ്യാപാര കരാറിന്റെ കാര്യത്തിൽ പ്രധാനമന്ത്രി ഇതുതന്നെ ട്രംപിനോടും പറഞ്ഞുവെന്ന് രാഹുൽ പരിഹസിച്ചു. കാർഷിക മേഖലക്ക് കനത്ത തിരിച്ചടിയായ കരാറിലൂടെ യു.എസിനുവേണ്ടി നമ്മുടെ മുഴുവൻ വസ്ത്ര വ്യവസായവും തകർത്തു. ഇന്ത്യയുടെ എല്ലാ ഡേറ്റയും യു.എസിന് കൊടുത്തു. അതിന് പുറമെ അടുത്ത അഞ്ചുവർഷം ഇന്ത്യ ഒമ്പത് ലക്ഷം കോടി രൂപയുടെ യു.എസ് ഉൽപന്നങ്ങൾ വാങ്ങണമെന്ന ഉപാധി ഇന്ത്യയിലെ നിർമാണ ശാലകളെയും ഫാക്ടറികളെയും തകർക്കും.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാതിരുന്നത്. ചൈനയുടെ ടാങ്ക് ഇന്ത്യൻ അതിർത്തിക്കുള്ളിൽ വന്നപ്പോൾ രാജ്നാഥിനോടും അജിത് ഡോവലിനോടും വിദേശ മന്ത്രിയോടും പ്രധാനമന്ത്രി മോദിയോടും എന്തു ചെയ്യണമെന്ന് ചോദിച്ച കരസേനാ മേധാവി നരവനെയുടെ മുമ്പിൽ അവർ നിസ്സഹായരായതിനെക്കുറിച്ച് പറഞ്ഞതായിരുന്നു പ്രശ്നം. മുൻ കരസേനാ മേധാവി രാജ്നാഥിന് വീണ്ടും വീണ്ടും ഫോൺ ചെയ്തു.
കാരണം ഇന്ത്യൻ അതിർത്തിക്കുള്ളിൽ കടന്ന ചൈനീസ് സേനക്കുനേരെ വെടിയുതിർക്കാനും യുദ്ധം തുടങ്ങാനും പ്രധാനമന്ത്രി പറയണം. അത് സൈനിക തീരുമാനമല്ല, രാഷ്ട്രീയ തീരുമാനമാണ്. എന്നാൽ ഉചിതമായി തോന്നിയത് ചെയ്തോളൂ എന്നാണ് പ്രധാനമന്ത്രി, നരവനെയോട് പറഞ്ഞത്. ഇക്കാര്യം ഞാൻ ലോക്സഭയിൽ പറയാൻ തുടങ്ങിയപ്പോഴാണ് മോദിയുടെ നിർദേശ പ്രകാരം അമിത് ഷായും ബി.ജെ.പി എം.പിമാരും എഴുന്നേറ്റ് തടസ്സപ്പെടുത്തിയത്. നാലഞ്ച് മണിക്കൂറെടുത്ത് പലതവണ ശ്രമിച്ചു. അപ്പോഴൊക്കെയും തടഞ്ഞുവെന്ന് രാഹുൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

