
രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും 24 വരെ ജയിലിൽ
text_fieldsബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവർ സെപ്റ്റംബർ 24 വരെ ജയിലിൽ തുടരും. ഇരുവരുടെയും ജാമ്യാപേക്ഷ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. സെപ്റ്റംബർ നാലിനാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് രാഗിണിയെ അറസ്റ്റ് ചെയ്യുന്നത്. സെപ്റ്റംബർ എട്ടിന് സഞ്ജനയെയും അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ചയാണ് ഇരുവരും കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. തുടർന്ന് കേസ് തിങ്കളാഴ്ച പരിഗണിക്കുകയായിരുന്നു. രണ്ടുപേരെയും വ്യത്യസ്ത സെല്ലുകളിലാണ് പാർപ്പിച്ചിരിക്കുന്നത്.
സെപ്റ്റംബർ ആദ്യം രാഗിണിയുടെയും സഞ്ജനയുടെയും ബംഗളൂരുവിലെ വീടുകളിൽ സി.സി.ബി റെയ്ഡ് ചെയ്തിരുന്നു. ഇരുവരുടെയും വീടുകളിൽനിന്ന് നിരവധി തെളിവുകളും കണ്ടെടുത്തിരുന്നു. ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലാകുന്ന നടിയാണ് രാഗിണി. സുഹൃത്തായ രവിശങ്കറിൽനിന്നും വിദേശിയായ സൈമണിയിൽനിന്നും നടി മയക്കുമരുന്ന് വാങ്ങിയെന്നാണ് വിവരം.
അറസ്റ്റിലാകുന്നതിന് മുമ്പ് നടിമാർ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്തുന്നതിനായി ആശുപത്രിയിൽ പരിശോധനക്ക് എത്തിച്ചിരുന്നു. രാഗിണി ദ്വിവേദി മൂത്ര സാമ്പിളിൽ വെള്ളം ചേർത്ത് പരിശോധനക്ക് നൽകി തട്ടിപ്പിന് ശ്രമിച്ചതായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മല്ലേശ്വരത്തെ കെ.സി ജനറൽ ആശുപത്രിയിലാണ് നടിയെ പരിശോധനക്കായി എത്തിച്ചിരുന്നത്.സഞ്ജന ഗൽറാണി പരിശോധനക്കായി സാമ്പിൾ നൽകാൻ വിസമ്മതിച്ചതും വാർത്തയായിരുന്നു.
