പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് വിടവാങ്ങി
text_fieldsരഘു റായ്
ന്യൂഡൽഹി: ഇന്ത്യൻ ഫോട്ടോഗ്രഫിയിലെ ഇതിഹാസ തുല്യനും പത്മശ്രീ ജേതാവുമായ രഘു റായ് (83) അന്തരിച്ചു. ഞായറാഴ്ച ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അർബുദ ബാധയെയും വാർദ്ധക്യസഹജമായ അസുഖങ്ങളും കാരണം കഴിഞ്ഞ രണ്ട് വർഷമായി ചികിത്സയിലായിരുന്നുവെന്ന് മകനും ഫോട്ടോഗ്രാഫറുമായ നിതിൻ റായ് അറിയിച്ചു.
ഫോട്ടോഗ്രഫിയിലെ ഇതിഹാസം
1942ൽ അവിഭക്ത ഇന്ത്യയിലെ പഞ്ചാബിൽ (ഇന്നത്തെ പാകിസ്താനിലെ ഝാങ്) ജനിച്ച രഘു റായ്, 1962ൽ തന്റെ മൂത്ത സഹോദരനും പ്രശസ്ത ഫോട്ടോഗ്രാഫറുമായ എസ്. പോളിൽനിന്നാണ് ഫോട്ടോഗ്രാഫിയുടെ പാഠങ്ങൾ അഭ്യസിച്ചത്. 1965ൽ 'ദി സ്റ്റേറ്റ്‌സ്മാൻ' പത്രത്തിൽ ഫോട്ടോഗ്രാഫറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
1968ൽ ഋഷികേഷിലെ മഹർഷി മഹേഷ് യോഗിയുടെ ആശ്രമത്തിൽ വിഖ്യാത സംഗീത ബാൻഡ് 'ദി ബീറ്റിൽസ്'* എത്തിയപ്പോൾ അത് കാമറയിൽ പകർത്തിയത് രഘു റായ് ആയിരുന്നു. ഇത് അദ്ദേഹത്തിന് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്തു.
ലോകപ്രശസ്ത ഫോട്ടോഗ്രാഫർ ഹെൻറി കാർട്ടിയർ ബ്രെസന്റെ നിർദേശപ്രകാരം 1977ൽ അദ്ദേഹം വിഖ്യാതമായ 'മാഗ്നം ഫോട്ടോസിൽ' അംഗമായി.
ലോകത്തെ നടുക്കിയ 1984ലെ ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഭീകരത ലോകത്തിന് മുന്നിലെത്തിക്കുന്നതിൽ രഘു റായ് പ്രധാന പങ്കുവഹിച്ചു. ഇതിനെ ആസ്പദമാക്കി അദ്ദേഹം രചിച്ച "എക്സ്പോഷർ: എ കോർപ്പറേറ്റ് ക്രൈം" എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യ റ്റുഡേയുടെ പിക്ചർ എഡിറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ടൈം, ലൈഫ്, ദി ന്യൂയോർക്ക് ടൈംസ്, ന്യൂസ്‌വീക്ക് തുടങ്ങിയ അന്താരാഷ്ട്ര മാസികകളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പതിവായി പ്രസിദ്ധീകരിച്ചിരുന്നു.
ഇന്ത്യയുടെ സംസ്കാരവും ജനജീവിതവും പ്രമേയമാക്കി 18ലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1971ലെ ബംഗ്ലാദേശ് യുദ്ധം റിപ്പോർട്ട് ചെയ്തതിന് 1972ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു. ഇന്ത്യൻ ഫോട്ടോഗ്രാഫിയെ ലോകഭൂപടത്തിൽ അടയാളപ്പെടുത്തിയ പ്രതിഭയുടെ വിയോഗത്തിൽ ഫോട്ടോഗ്രാഫി ലോകം അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

