തിരുച്ചി ഈസ്റ്റ് മണ്ഡലത്തിൽ ടി.വി.കെ സ്ഥാനാർഥിയാവാൻ രാഘവ ലോറൻസ്? അഭ്യൂഹങ്ങൾക്ക് ശക്തി പകർന്ന് താരത്തിന്‍റെ പ്രതികരണം
text_fieldsചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് വിജയിച്ച രണ്ട് മണ്ഡലങ്ങളിൽ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലം ഒഴിഞ്ഞതിനെത്തുടർന്ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പാണ് ഇപ്പോൾ സംസ്ഥാനത്തെ പ്രധാന ചർച്ചാവിഷയം. മണ്ഡലം നിലനിർത്തുക എന്നത് പാർട്ടിയുടെ അഭിമാനപ്രശ്നമാണ്.
തിരുച്ചി ഈസ്റ്റ് മണ്ഡലത്തിൽ മത്സരിക്കാൻ നടനും സംവിധായകനുമായ രാഘവ ലോറൻസിനെയാണ് ടി.വി.കെ പരിഗണിക്കുന്നത് എന്ന വാർത്ത സജീവമാണ്. നടന്‍റെ സമൂഹമാധ്യമ കുറിപ്പ് ഈ വാർത്തക്ക് കൂടുതൽ വ്യക്തത നൽകുകയാണ് ഇപ്പോൾ. താൻ തെരഞ്ഞടുപ്പിന് മത്സരിക്കും എന്ന രീതിയിൽ വരുന്ന വാർത്തയുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളും മാധ്യമപ്രവർത്തകരും വിശദീകരണം തേടിയിട്ടുണ്ട്. താൻ ഇപ്പോൾ ബെൻസ് സിനിമയുടെ ഷൂട്ടിങ്ങ് തിരക്കിലാണെന്നും 10-ാം തിയ്യതി ഷൂട്ടിംഗ് തീരുമെന്നും 11ന് അമ്മയുടെ അനുഗ്രഹത്തോടെ എന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു തീരുമാനം എല്ലാവരെയും അറിയിക്കുമെന്നും താരം കുറിച്ചു.
മികച്ച നടൻ എന്നതിലുപരി, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും സാമൂഹിക സേവനങ്ങളിലൂടെയും യുവാക്കൾക്കിടയിൽ വലിയ സ്വീകാര്യതയുള്ള വ്യക്തിയാണ് അദ്ദേഹം. ലോറൻസ് സ്ഥാനാർത്ഥിയായാൽ ടി.വി.കെക്ക് വിജയം എളുപ്പമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. നേരത്തെ നടി തൃഷ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അവർ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നില്ലെന്ന് വ്യക്തമായതോടെയാണ് ലോറൻസിലേക്ക് ചർച്ചകൾ നീങ്ങിയത്.
മുഖ്യമന്ത്രി വിജയിയുടെ രാഷ്ട്രീയ യാത്രയുടെ തുടക്കം മുതൽ പിന്തുണ നൽകിയ വ്യക്തിയാണ് രാഘവ ലോറൻസ്. ടി.വി.കെയുടെ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനം അറിയിച്ചും സർക്കാരിന്റെ നയങ്ങളെ പിന്തുണച്ചും അദ്ദേഹം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ലോറൻസ് തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് മെന്ററായ രജനികാന്തുമായി ചർച്ച നടത്തിയതായാണ് വിവരം. രജനികാന്തിന്റെ അന്തിമ ഉപദേശം ലഭിച്ചതിന് ശേഷമാകും അദ്ദേഹം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. പാർട്ടി നേതൃത്വം വൈകാതെ തന്നെ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.
ടി.വി.കെ യുടെ ശക്തി തെളിയിക്കാൻ ഈ ഉപതെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്. ഇതിന്റെ ഭാഗമായി വോട്ടർ പട്ടിക പുതുക്കുന്നതടക്കമുള്ള നടപടികൾ പാർട്ടി ഇതിനകം ആരംഭിച്ചു കഴിഞ്ഞു. കുട്ടികളുടെ ചികിത്സയ്ക്കും മറ്റും ലോറൻസ് നൽകുന്ന സഹായങ്ങൾ ജനമനസ്സുകളിൽ അദ്ദേഹത്തിന് നല്ലൊരു ഇമേജ് നൽകിയിട്ടുണ്ട്. അതിനാൽ, ലോറൻസ് മത്സരിക്കുകയാണെങ്കിൽ അതൊരു വലിയ രാഷ്ട്രീയ പോരാട്ടത്തിന് തന്നെയാകും സാക്ഷ്യം വഹിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

