എ.എ.പി വിട്ട രാഘവ് ചദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവർ ബി.ജെ.പിയിൽ... പൂച്ചെണ്ട് നൽകി നിതിൻ നബിൻ
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽനിന്ന് രാജിവെച്ച രാജ്യസഭാ എം.പിമാർ ബി.ജെ.പിയിൽ ചേർന്നു. രാജ്യസഭാ എം.പിമാരായ രാഘവ് ചദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരാണ് വെള്ളിയാഴ്ച ഡൽഹിയിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ സാന്നിധ്യത്തിൽ ബി.ജെ.പിയിൽ ചേർന്നത്. മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്, സ്വാതി മാലിവാൾ, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും ബി.ജെ.പിയിൽ ചേരും.
രാഘവ് ചദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവർ നിതിൻ നബിനിൽനിന്ന് പൂച്ചെണ്ടുകൾ സ്വീകരിക്കുകയും പാർട്ടി ഓഫിസിൽ ഉണ്ടായിരുന്ന മറ്റ് ബി.ജെ.പി നേതാക്കളെ അഭിവാദ്യം ചെയ്യുകയും ചെയ്തു. 2012ൽ അഴിമതി വിരുദ്ധ മുദ്രാവാക്യം ഉയർത്തി രൂപീകരിച്ച പാർട്ടിയായ ആം ആദ്മി പാർട്ടിയിൽ നിന്ന് താൻ രാജിവച്ചതായും മറ്റ് ആറ് ആം ആദ്മി എംപിമാരോടൊപ്പം ബി.ജെ.പിയിൽ ലയിക്കുമെന്നും ചദ്ദ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
രാജ്യസഭയിലെ ആം ആദ്മി പാർട്ടിയുടെ ഉപനേതാവ് സ്ഥാനത്ത് സ്ഥാനത്ത് നിന്ന് ചദ്ദയെ നീക്കം ചെയ്യുകയും മിത്തലിനെ പകരം നിയമിക്കുകയും ചെയ്തതിന് ആഴ്ചകൾക്ക് ശേഷമാണ് ഈ നീക്കം. ആം ആദ്മി പാർട്ടിയുടെ 10 രാജ്യസഭാ എം.പിമാരിൽ ഏഴ് പേർ ബി.ജെ.പിയിലേക്ക് മാറിയതോടെ മൂന്നുപേർ മാത്രമാണ് അവശേഷിക്കുന്നത്.
ആം ആദ്മി പാർട്ടിയിലെ ഏഴ് രാജ്യസഭ എം.പിമാർ പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തിയിരുന്നു. ഏഴ് രാജ്യസഭ എം.പിമാർ പാർട്ടി വിട്ടതോടെ ബി.ജെ.പി പഞ്ചാബിലെ ജനങ്ങളെ വീണ്ടും വഞ്ചിച്ചുവെന്നായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

