റഫാൽ: വിയോജിച്ച ഉദ്യോഗസ്ഥന് നിർബന്ധിത അവധി
text_fieldsന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കി കൂടുതൽ വെളിപ്പെടുത്തലുകൾ. വിമാനത്തിെൻറ അമിതവില കുറച്ചുകിട്ടാൻ ചർച്ച നടത്തണമെന്ന് ഫയലിൽ എഴുതിയ പ്രതിരോധ മന്ത്രാലയ ജോയൻറ് സെക്രട്ടറിയെ തൽസ്ഥാനത്തുനിന്ന് മാറ്റി തീരുമാനവുമായി സർക്കാർ മുന്നോട്ടുപോയെന്നാണ് ഒടുവിലത്തെ വെളിപ്പെടുത്തൽ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാരിസ് യാത്രയിൽ 2015 ഏപ്രിൽ 14നാണ് 36 റഫാൽ പോർവിമാനങ്ങൾ ഫ്രാൻസിൽനിന്ന് നേരിട്ടു വാങ്ങുന്നതിന് ഫ്രഞ്ച് പ്രസിഡൻറ് ഫ്രാങ്സ്വ ഒലാൻഡുമൊത്ത് പ്രഖ്യാപനം ഉണ്ടായത്. 59,000 കോടി രൂപയുെട ഇൗ ഇടപാടിന് പിന്നീട് മാത്രമാണ് ആഭ്യന്തരമായ അംഗീകാര നടപടികൾ ഉണ്ടായത്. ഒരു വർഷത്തിനുശേഷം 2016 സെപ്റ്റംബർ 16ന് രണ്ടിടത്തെയും പ്രതിരോധ മന്ത്രിമാർ കരാറിൽ ഒപ്പുവെച്ചു.
അതിനുമുമ്പ് ഫയൽ നീക്കുേമ്പാൾ പ്രതിരോധ മന്ത്രാലയ ജോയൻറ് സെക്രട്ടറി രാജീവ് വർമ എതിർപ്പു പ്രകടിപ്പിച്ചു. പ്രധാനമന്ത്രി അംഗീകരിച്ചു കഴിഞ്ഞതാണെങ്കിൽക്കൂടി വിലയുടെ കാര്യത്തിൽ റഫാൽ നിർമാതാക്കളായ ദസോ കമ്പനിയുമായി ചർച്ച നടക്കണമെന്ന് അദ്ദേഹം ഫയലിൽ എഴുതി. യു.പി.എ സർക്കാറിെൻറ കാലത്ത് നേരിട്ടു വാങ്ങാൻ നിശ്ചയിച്ച 18 വിമാനങ്ങളേക്കാൾ വലിയ വിലവ്യത്യാസം പുതിയ കരാറിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പോർവിമാന ശേഷിയിൽ റഫാലിനോട് കിടപിടിക്കുന്നതാണ് യൂറോ ഫൈറ്റർ. അവർ 20 ശതമാനം ഇളവ് നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അതുകൊണ്ട് കരാർ ഉറപ്പിക്കുന്നതിനു മുമ്പ്, 20 ശതമാനം വില കുറക്കണമെന്ന് ഫ്രാൻസിനോട് ആവശ്യപ്പെടാൻ ഇന്ത്യക്ക് കഴിയും. ഇൗ സാധ്യത തേടണമെന്നായിരുന്നു ഫയലിലെ കുറിപ്പ്. മന്ത്രാലയത്തിൽ പടക്കോപ്പ് വാങ്ങുന്ന വിഭാഗത്തിലെ ജോയൻറ് സെക്രട്ടറി ഫയലിൽ എഴുതിയത് അവഗണിക്കാൻ കഴിയുന്നതല്ല. എന്നാൽ, തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം അവധിയിലായി. മുതിർന്ന ഉദ്യോഗസ്ഥ സ്മിത നാഗരാജ് ചുമതലയിൽ വന്നു. ഫയലിലെ നിർദേശം അങ്ങനെ മറികടന്നു. പ്രധാനമന്ത്രിയുടെ ഒാഫിസിൽനിന്നുള്ള പ്രത്യേക നിർദേശപ്രകാരമാണ് ഫയലിലെ കുറിപ്പ് തിരുത്തപ്പെട്ടതെന്ന് ആരോപണമുണ്ട്.
ഇതുവഴി 41,000 കോടിരൂപ അധികം നൽകിയാണ് 36 റഫാൽ വിമാനങ്ങൾ ഇന്ത്യ വാങ്ങുന്നതെന്ന് കോൺഗ്രസ് വക്താവ് ജയ്പാൽ റെഡ്ഡി വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. മൗനം തുടർന്നുകൊണ്ട് റഫാൽ വിഷയത്തിൽനിന്ന് ഒാടിയൊളിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത്.
ഒരു ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞതിനു വിരുദ്ധമായി ഉത്തരവാദപ്പെട്ട ലോകശക്തികൾ പ്രസ്താവന നടത്തുന്ന സംഭവം 70 വർഷങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ലെന്നും ജയ്പാൽ റെഡ്ഡി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
