റഫാൽ: രാഹുലിനെതിരെ ബി.ജെ.പിയുടെ അവകാശലംഘന നോട്ടീസ്
text_fieldsന്യൂഡൽഹി: വിവാദമായ റഫാൽ യുദ്ധവിമാന ഇടപാടിൽ കോൺഗ്രസ് അധ്യക്ഷനും എം.പിയുമായ രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പിയുടെ അവകാശലംഘന നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെളിവില്ലാതെ ആരോപണം ഉന്നയിച്ചെന്ന് നോട്ടീസിൽ പറയുന്നു. ഫ്രഞ്ച് പ്രസിഡന്‍റിനെ രാഹുൽ കണ്ടുവെന്ന് കള്ളം പറഞ്ഞെന്നും ബി.ജെ.പി ആരോപിക്കുന്നു.
അനുരാഗ് താക്കൂർ, നിശികാന്ത് ദുബൈ എന്നിവരാണ് നോട്ടീസിൽ ഒപ്പുവെച്ചിട്ടുള്ളത്. ഒരാൾക്കെതിരെ രേഖാമൂലമോ തെളിവോടെയോ ആരോപണം ഉന്നയിക്കാൻ സാധിക്കും. എന്നാൽ, പ്രധാനമന്ത്രിക്കെതിരെ വെറുതെ ആരോപണം ഉന്നയിച്ചെന്നാണ് ബി.ജെ.പി ചൂണ്ടിക്കാട്ടുന്നത്. കൂടാതെ, വിമാന ഇടപാട് സംബന്ധിച്ച് ഫ്രഞ്ച് സർക്കാർ നിഷേധ കുറിപ്പ് ഇറക്കിയിട്ടുണ്ടെന്നും നോട്ടീസിൽ പറയുന്നു.
അതേസമയം, ലോക്സഭയെ തെറ്റിദ്ധരിപ്പിച്ച പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും എതിരെ അവകാശലംഘനത്തിന് ഇന്ന് നോട്ടീസ് നൽകുമെന്നാണ് റിപ്പോർട്ട്. റാഫാൽ ഇടപാടിനെ കുറിച്ച് സഭയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ നരേന്ദ്ര മോദിയും നിർമല സീതാരാമനും പ്രസ്താവന നടത്തിയെന്നാണ് ആരോപണം.
വിവാദ റാഫാൽ യുദ്ധവിമാന ഇടപാടിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാനാവില്ലെന്ന കേന്ദ്രസർക്കാർ നിലപാട് തള്ളി മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമന്‍ ലോക്സഭയിൽ നടത്തിയ വിശദീകരണം അസത്യമെന്നാണ് ആന്‍റണി ആരോപിച്ചത്.
2008ലെ രഹസ്യധാരണ വ്യവസ്ഥ റാഫാലിന് ബാധകമല്ല. ഫ്രാൻസിൽ നിന്ന് റഫാൽ വിമാനം വാങ്ങിക്കാൻ തീരുമാനിച്ചത് 2012ലാണ്. ഇക്കാര്യത്തിൽ പാർലമെന്‍റിൽ കേന്ദ്ര സർക്കാറിന്‍റെ വിശദീകരണം തേടുമെന്നും ആന്‍റണി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
