വംശീയത: സ്കൂൾ ജലസംഭരണിയിൽ വിഷം കലർത്തി ശ്രീരാമസേന; 11 വിദ്യാർഥികൾക്ക് വിഷബാധയേറ്റു; മൂന്ന് പ്രതികൾ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
ബംഗളൂരു: മുസ്ലിമായ ഹെഡ്മാസ്റ്ററെ സ്കൂളിൽനിന്ന് മാറ്റാൻ സ്കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തി ശ്രീരാമസേന നേതാവിന്റെ കൊടുംക്രൂര പ്രവൃത്തി. വടക്കൻ കർണാടകയിലെ ബെളഗാവി സാവദത്തി ഹുളികട്ടി വില്ലേജിലെ സർക്കാർ സ്കൂളിലാണ് സംഭവം. വിഷം കലർന്ന വെള്ളം ഉപയോഗിച്ചതിനെ തുടർന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി.
ശ്രീരാമ സേന താലൂക്ക് പ്രസിഡന്റ് സാഗർ പാട്ടീൽ, സഹായികളായ കൃഷ്ണ മദാർ, നാഗൻഗൗഡ പാട്ടീൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ, മതവിദ്വേഷത്തിന്റെ പേരിൽ കുട്ടികളെ പോലും ലക്ഷ്യമിടുന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് പ്രതികരിച്ചു. രാഷ്ട്രീയ ലാഭത്തിനായി മത വിദ്വേഷത്തിന്റെ വിത്തുവിതക്കുന്ന ബി.ജെ.പി സ്വയം വിചാരണക്ക് തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജൂലൈ 14നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് ബെളഗാവി ജില്ല പൊലീസ് സൂപ്രണ്ട് ഡോ. ഭീംശങ്കർ എസ്. ഗുലദേ അറിയിച്ചു. തികച്ചും മതത്തിന്റെ പേരിലാണ് സാഗർ പാട്ടീൽ സംഭവം ആസൂത്രണം ചെയ്തതെന്നും 41 വിദ്യാർഥികൾ പഠിക്കുന്ന വില്ലേജിലെ സർക്കാർ സ്കൂളിലെ ഹെഡ്മാസ്റ്ററായ സുലൈമാൻ ഗൊരിനായകിനെ സ്ഥലംമാറ്റിക്കാനായിരുന്നു പ്രവൃത്തിയെന്നും എസ്.പി പറഞ്ഞു. കഴിഞ്ഞ 13 വർഷമായി സുലൈമാൻ ഈ സ്കൂളിലെ അധ്യാപകനാണ്. ശ്രീരാമസേന നേതാവായ സാഗറിന്റെ ബന്ധുകൂടിയാണ് നാഗൻഗൗഡ. കൃഷ്ണ മദാർ സാഗറിന്റെ പരിചയക്കാരനാണ്. കൃഷ്ണക്ക് മറ്റൊരു സമുദായത്തിലെ പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നു. ഇക്കാര്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് സാഗർ ഇയാളെ കൃത്യത്തിന് കൂടെ നിർത്തിയതെന്ന് പൊലീസ് പറഞ്ഞു.
മുനവള്ളി ടൗണിൽനിന്ന് കൃഷ്ണയും നാഗൻഗൗഡയും ചേർന്ന് കീടനാശിനി വാങ്ങി. തുടർന്ന് സ്കൂളിലെ തന്നെ ഒരു കുട്ടിയുടെ സഹായത്തോടെ ഉച്ചഭക്ഷണത്തിനു ശേഷം വാട്ടർടാങ്കിൽ വിഷം കലർത്തി. ചില വിദ്യാർഥികൾ വെള്ളം കുടിച്ചപ്പോൾ രുചിവ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്ന് സ്കൂൾ അധികൃതരെ വിവരമറിയിച്ചു.
അപ്പോഴേക്കും 11 കുട്ടികളിൽ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി മതിയായ ചികിത്സ നൽകി. ഹെഡ്മാസ്റ്റർ സുലൈമാൻ ഗൊരിനായക് സാവദത്തി പൊലീസിൽ പരാതി നൽകി. തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. കൃഷ്ണമദാർ എന്നയാൾ തനിക്ക് 500 രൂപയും ചോക്ലറ്റും നൽകി ഒരു കുപ്പി കൈമാറിയെന്നും കുപ്പിയിലുള്ളത് വാട്ടർ ടാങ്കിൽ ഒഴിക്കാൻ നിർദേശിച്ചെന്നും ഒരു വിദ്യാർഥി നൽകിയ മൊഴിയാണ് അന്വേഷണം പ്രതികളിലേക്കെത്തിച്ചത്.
ബെളഗാവി വിഷം കലർത്തൽ സമൂഹത്തിന് അപമാനം -എസ്.ഐ.ഒ
ബംഗളൂരു: മുസ്ലിം ഹെഡ്മാസ്റ്ററെ നീക്കം ചെയ്യാൻ വേണ്ടി മാത്രം 41 നിരപരാധികളായ കുട്ടികളെ കൊല്ലാൻ ശ്രമിച്ച പ്രവൃത്തി പൊതുസമൂഹത്തിന് അപമാനമാണെന്ന് എസ്.ഐ.ഒ കർണാടക സംസ്ഥാന സമിതി പ്രസ്താവനയിൽ പറഞ്ഞു. വർഗീയ വിദ്വേഷം മൂലമുണ്ടായ ഈ ഞെട്ടിക്കുന്ന പ്രവൃത്തി അങ്ങേയറ്റം അപലപനീയമാണ്.
സവദത്തി താലൂക്കിലെ ഹൂലികട്ടി ഗ്രാമത്തിലെ ഗവ. ലോവർ പ്രൈമറി സ്കൂളിൽ നടന്ന സംഭവത്തിൽ എസ്.ഐ.ഒ ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ആശങ്ക പ്രകടിപ്പിച്ചു. സ്കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തിയത് കുട്ടികളെ ദ്രോഹിക്കാനും ഹെഡ്മാസ്റ്റർ സുലൈമാൻ ഗോരിനായകിനെ അദ്ദേഹത്തിന്റെ മതപരമായ വ്യക്തിത്വം കാരണം അപകീർത്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ള ഹീനമായ ഗൂഢാലോചനയാണ്.
നിരപരാധികളായ കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്ന തലത്തിലേക്ക് വർഗീയ വിദ്വേഷം അധഃപതിച്ചിരിക്കുന്നു എന്നത് അങ്ങേയറ്റം ആശങ്കജനകവും കർണാടക സർക്കാർ വിഷയം ഗൗരവമായി കാണണമെന്നും കർശന നിയമനടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ഇത്തരം പ്രവൃത്തികൾ ഒരിക്കലും ആവർത്തിക്കാതിരിക്കാൻ മാതൃകാപരമായി ശിക്ഷിക്കണം. ദുരിതബാധിതരായ കുട്ടികൾക്ക് ശരിയായ വൈദ്യസഹായം നൽകണമെന്നും അവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും എസ്.ഐ.ഒ ആവശ്യപ്പെട്ടു.
ശിവമൊഗ്ഗയിലെ സ്കൂളിലെ സമാന സംഭവത്തിലും അന്വേഷണം
ബംഗളൂരു: ശിവമൊഗ്ഗ മാരുതിപുര ഗ്രാമപഞ്ചായത്തിലെ ഹൂവിനകോനെ ഗവ. സ്കൂളിൽ കുടിവെള്ളത്തിൽ മാലിന്യം കലർന്ന സംഭവത്തിലും അന്വേഷണം. ശിവമൊഗ്ഗ എസ്.പി മിഥുൻകുമാർ കഴിഞ്ഞദിവസം സ്കൂളിലെത്തി സാഹചര്യം വിലയിരുത്തി. സ്കൂളിലെ അധ്യാപകരുമായും പ്രാദേശിക ഉദ്യോഗസ്ഥരുമായും അദ്ദേഹം സംസാരിച്ച് വിവരം ശേഖരിച്ചു. ബെളഗാവിയിലെ സ്കൂളിൽ ശ്രീരാമ സേന നേതാവിന്റെ നേതൃത്വത്തിൽ നടന്ന ക്രൂരകൃത്യം സംബന്ധിച്ച് പൊലീസ് അന്വേഷണത്തിൽ തെളിയുകയും മൂന്നുപേർ അറസ്റ്റിലാവുകയും ചെയ്ത സംഭവത്തിന് പിന്നാലെ സമാനമായ എല്ലാ സംഭവങ്ങളും വിശദമായി അന്വേഷിക്കാനാണ് സർക്കാർ നീക്കം. ശിവമൊഗ്ഗ ഹൂവിനകോനെ ഗവ. സ്കൂളിലെ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി നാല് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചതായി എസ്.പി മിഥുൻകുമാർ പറഞ്ഞു. ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പൂർത്തിയാവുന്ന മുറക്ക് മുഴുവൻ വെളിപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

