‘വംശീയമായി അധിക്ഷേപിച്ച് മെറ്റൽ ചെയ്ൻ കൊണ്ട് മർദിച്ചു; രക്ഷിക്കാൻ വന്നപ്പോൾ കത്തി കുത്തിയിറക്കി’; ഡെറാഡൂണിൽ ഹിന്ദുത്വ ഗുണ്ടകളാൽ കൊല്ലപ്പെട്ട എം.ബി.എ വിദ്യാർഥിയുടെ സഹോദരൻ
text_fieldsഡെറാഡൂൺ: തങ്ങൾ ആക്രമിക്കപ്പെട്ടതിന്റെ ക്രൂരത വിവരിച്ച് ഡെറാഡൂണിൽ കൊല്ലപ്പെട്ട ത്രിപുരയിൽ നിന്നുള്ള എം.ബി.എ വിദ്യാർഥിയുടെ സഹോദരൻ. പടിഞ്ഞാറൻ ത്രിപുര ജില്ലയിലെ നന്ദനഗർ നിവാസിയായ 24 കാരനായ ആഞ്ചൽ ചക്മ, 17 ദിവസം ഡെറാഡൂണിലെ ആശുപത്രിയിൽ കഴിഞ്ഞതിനു ശേഷം ഡിസംബർ 26ന് മരണമടഞ്ഞു. ഒരു സംഘം പേർ മൂർച്ചയുള്ള വസ്തുക്കളും മെറ്റൽ ചെയ്നും ഉപയോഗിച്ച് തലക്കും പുറകിലും ഗുരുതരമായി മർദിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഡിസംബർ 9 ന് സെലാകുയി പ്രദേശത്താണ് സംഭവം.
തിങ്കളാഴ്ച പുറത്തുവന്ന ഒരു വിഡിയോയിൽ ഹിന്ദുത്വ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിലേക്ക് നയിച്ച സംഭവങ്ങൾ ആഞ്ചലിന്റെ ഇളയ സഹോദരൻ മൈക്ക്ൾ വിവരിക്കുന്നു. ‘ഞാനും എന്റെ സഹോദരനും ഞങ്ങളുടെ രണ്ട് സുഹൃത്തുക്കളും സാധനങ്ങൾ എടുക്കാൻ പോയതായിരുന്നു. അവിടെ എത്തിയപ്പോൾ ഒരു കൂട്ടം ആളുകളെ കണ്ടു. അവർ മദ്യപിച്ചിരുന്നു. ഞങ്ങൾ ബൈക്കുകളിൽ മടങ്ങാനൊരുങ്ങുമ്പോൾ അവരെന്നെ അധിക്ഷേപിക്കാൻ തുടങ്ങി. എന്നെ ‘ചിങ്കി’ എന്ന് വിളിക്കുകയും പരിഹസിക്കുകയും ചെയ്തു’. (‘ചിങ്കി‘ എന്നത് ചൈനീസ് അല്ലെങ്കിൽ കിഴക്കനേഷ്യൻ വംശജരെ ലക്ഷ്യം വെച്ചുള്ള നിന്ദ്യമായ വംശീയ അധിക്ഷേപമാണ്).
‘എന്തിനാണ് എന്നെ ഇങ്ങനെ അധിക്ഷേപിക്കുന്നതെന്ന് ചോദിച്ചപ്പോൾ അവർ ആക്രമിച്ചു. അവർ കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്ന് എനിക്കറിയില്ല. അവരെന്നെ നേരിട്ട് ആക്രമിച്ചു. ഒരു ലോഹച്ചെയ്ൻ വീശി അടിക്കാൻ തുടങ്ങി. രക്ഷിക്കാൻ വന്ന സഹോദരന്റെ നട്ടെല്ലിനരികിൽ മൂർച്ചയേറിയ കത്തി ഉപയോഗിച്ച് കുത്തി. അവിടെ നിന്നും അദ്ദേഹത്തെ ഐ.സിയുവിലേക്കാണ് കൊണ്ടുപോയത്’ - മൈക്ക്ൾ വിവരിച്ചു.
വിഡിയോയിൽ അവന്റെ തലയിലെ പരിക്കുകളും കാണാം. കുടുംബത്തിനൊപ്പം പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് കാറിൽവെച്ച് വിഡിയോ റെക്കോർഡുചെയ്‌തത്. ആഞ്ചൽ ചക്മയുടെ പിതാവും വാഹനത്തിലുണ്ടായിരുന്നു.
‘ഡെറാഡൂണിലെ ആഞ്ചൽ ചക്മക്കും സഹോദരൻ മൈക്ക്ളിനും നേർക്കുണ്ടായത് ഭയാനകമായ വിദ്വേഷ കുറ്റകൃത്യമാണ്. വെറുപ്പ് ഒറ്റരാത്രികൊണ്ട് പ്രത്യക്ഷപ്പെടുന്നില്ല. ദിനംപ്രതി, പ്രത്യേകിച്ച് നമ്മുടെ യുവാക്കളിൽ വിഷലിപ്തമായ ഉള്ളടക്കത്തിലൂടെയും നിരുത്തരവാദപരമായ വിവരണങ്ങളിലൂടെയും വർഷങ്ങളായി ഇത് പോഷിപ്പിക്കപ്പെടുന്നു. ഭരണകക്ഷിയായ ബി.ജെ.പിയുടെ വിദ്വേഷം വമിപ്പിക്കുന്ന നേതൃത്വം ഇത് സാധാരണവൽക്കരിക്കുന്നു’ എന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിക്കുകയുണ്ടായി.
‘ഭയത്തിലും ദുരുപയോഗത്തിലുമല്ല. ബഹുമാനത്തിലും ഐക്യത്തിലുമാണ് ഇന്ത്യ കെട്ടിപ്പടുത്തിരിക്കുന്നത്. സ്നേഹത്തിന്റെയും വൈവിധ്യത്തിന്റെയും രാജ്യമാണ് നമ്മുടേത്. സഹ ഇന്ത്യക്കാരെ ലക്ഷ്യമിടുന്ന സമയത്ത് തിരിഞ്ഞുനോക്കാത്ത നിർജീവ സമൂഹമായി നാം മാറരുത്. നമ്മുടെ രാജ്യം എന്തായിത്തീരുന്നുവെന്ന് നാം ചിന്തിക്കുകയും നേരിടുകയും വേണം -രാഹുൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

