20 വർഷമായി താമസിക്കുന്ന ഔദ്യോഗിക വസതി ഒഴിയാൻ റാബ്റി ദേവിക്ക് നോട്ടീസ്; നിതീഷ് കുമാർ ലാലു കുടുംബത്തെ ലക്ഷ്യം വെക്കുകയാണെന്ന് മകൾ
text_fieldsപട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ലാലു കുടുംബത്തിന് വീണ്ടും തിരിച്ചടി. നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 10 ദിവസം പോലും തികയുന്നതിന് മുമ്പ് പട്നയിലെ 10 സിർകുലാർ റോഡിലെ ഔദ്യോഗിക വസതിയൊഴിയാൻ ബിഹാർ മുൻ മുഖ്യമന്ത്രി റാബ്റി ദേവിയോട് ആവശ്യപ്പെട്ടു. ലാലു പ്രസാദ് യാദവും ഭാര്യ റാബ്റിയും മക്കളും 20 വർഷത്തോളമായി താമസിക്കുന്നത് ഈ ഔദ്യോഗിക വസതിയിലാണ്.
നവംബർ 25നാണ് റാബ്റിക്ക് വസതിയൊഴിയണമെന്നാവശ്യപ്പെട്ട് ബിൽഡിങ് കൺസ്ട്രക്ഷൻ ഡിപാർട്മെന്റ് നോട്ടീസയച്ചത്. ഇവർക്കായി ഹർദിങ് റോഡിൽ മറ്റൊരു ബംഗ്ലാവും അനുവദിച്ചിട്ടുണ്ട്.
2019ലെ പട്ന ഹൈകോടതി വിധിയനുസരിച്ചാണ് നോട്ടീസയച്ചതെന്നാണ് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. പൊതുഫണ്ട് ദുരുപയോഗം ചെയ്ത് മുൻ മുഖ്യമന്ത്രിമാർ അവർക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക വസതികൾ ജീവിതകാലം മുഴുവൻ ഉപയോഗിച്ചുവരികയാണെന്നായിരുന്നു ഹൈകോടതി വിധി.
അതേസമയം, നിതീഷ് കുമാർ സർക്കാർ ലാലുവിന്റെ കുടുംബത്തെ മനപൂർവം ലക്ഷ്യം വെക്കുകയാണ് സിംഗപ്പൂരിൽ കഴിയുന്ന ലാലുവിന്റെ മകൾ രോഹിണി ആചാര്യ ആരോപിച്ചു.
''സുഹാസൻ ബാബുവിന്റെ(ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ)പുതിയ വികസന മോഡൽ ആണിത്. കോടിക്കണക്കിന് ജനങ്ങളുടെ മിശിഹ ആയ ലാലുപ്രസാദ് യാദവിനെ അപമാനിക്കുന്നതിനാണ് അദ്ദേഹം ഏറ്റവും അധികം മുൻഗണന നൽകുന്നത്. എൻ.ഡി.എക്ക് അദ്ദേഹത്തിനെ ഈ വസതിയിൽ നിന്ന് പുറത്താക്കാൻ കഴിയുമായിരിക്കും. എന്നാൽ ബിഹാർ ജനതയുടെ ഹൃദയത്തിൽ നിന്ന് എങ്ങനെ പുറത്താക്കാൻ കഴിയും''-എന്നായിരുന്നു രോഹിണിയുടെ എക്സ് പോസ്റ്റ്.
ലാലുവിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ പദവിയെങ്കിലും കണക്കിലെടുക്കാമായിരുന്നുവെന്നും രോഹിണി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയായിരുന്ന കാലത്താണ് 10 സർക്കുലർ റോഡിലെ വസതി റാബ്റി ദേവിക്ക് അനുവദിച്ചത്. നിരവധി പാർട്ടി സമ്മേളനങ്ങൾക്കും ചർച്ചകൾക്കും വേദിയായ വീട് കൂടിയാണിത്.
മാഫിയ അംഗങ്ങൾക്കായി ബുൾഡോസർ തയാറാണെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ സാമ്രാട്ട് ചൗധരി ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് രോഹിണി എക്സിൽ കുറിപ്പിട്ടത്. ''ബുൾഡോസർ തയാറാണ്. ഞങ്ങളുടെ കൈയിൽ 400 മാഫിയ അംഗങ്ങളുടെ പേരുവിവരങ്ങളുണ്ട്. അവർക്കെതിരെ ഉടൻ നടപടിയുണ്ടാകും''-എന്നായിരുന്നു സാമ്രാട്ട് ചൗധരി പ്രഖ്യാപിച്ചത്.
ബിഹാറിലെ ജയിലുകളിൽ സുരക്ഷ ശക്തമാക്കുമെന്നും ചൗധരി മുന്നറിയിപ്പ് നൽകുകയുണ്ടായി. സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തുന്നവർക്ക് മുന്നറിയിപ്പും നൽകി. അതിനിടെ, മുമ്പത്തെ നിതീഷ് കുമാറിന്റെ ഭരണം പോലെയല്ല ഇനിയെന്നും ഇപ്പോൾ ആഭ്യന്തരം കൈയാളുന്നത് ബി.ജെ.പിയാണെന്നും വ്യാജ ഏറ്റുമുട്ടലുകളും ബുൾഡോസറുകളുടെ ഉപയോഗവും വ്യാപകമാവുമെന്നും സി.പി.ഐ-എം.എൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ ട്രൈബ്യൂണിന് നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചു.
പുതിയ മന്ത്രിസഭയുടെ ആദ്യ സമ്മേളനം ഡിസംബർ 1നായിരിക്കും. ഡിസംബർ ഒന്നുമുതൽ അഞ്ചുവരെ നടക്കുന്ന സമ്മേളനത്തിൽ എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്യുകയും സ്പീക്കറെ തെരഞ്ഞെടുക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

