ഇന്ത്യയിലെ ട്വിറ്റർ ഉപയോക്താക്കളുടെ എണ്ണം തെറ്റായി പറഞ്ഞ് വീണ്ടും വെട്ടിലായി മാധവൻ; ട്രോളുകളോട് പ്രതികരിച്ച് നടൻ രംഗത്തെത്തി
text_fieldsആർ. മാധവൻ
ഐ.എസ്.ആർ.ഒയുടെ ചൊവ്വ ദൗത്യത്തിനായി ഹിന്ദു കലണ്ടറായ പഞ്ചാംഗ് ഉപയോഗിച്ചെന്ന പ്രസ്താവനയിൽ സമൂഹ മാധ്യമങ്ങളിലെ ട്രോൾ മഴ നനയേണ്ടി വന്ന തെന്നിന്ത്യൻ സിനിമ താരം ആർ. മാധവനെ വീണ്ടും ട്രോളി സമൂഹമാധ്യമങ്ങൾ. ഇത്തവണ ഇന്ത്യയിലെ ട്വിറ്റർ ഉപയോക്താക്കളുടെ എണ്ണം തെറ്റായി പറഞ്ഞാണ് താരം വെട്ടിലായിരിക്കുന്നത്.
ഇന്ത്യയിൽ ആകെ 25 ലക്ഷം ആളുകൾ മാത്രമേ ട്വിറ്റർ ഉപയോഗിക്കുന്നുള്ളൂവെന്ന നടന്‍റെ പ്രസ്താവനയെ വിമർശിക്കുന്ന ഒരു വിഡിയോ ആണ് ട്വിറ്ററിൽ പ്രചരിച്ചത്. വരാനിരിക്കുന്ന തന്‍റെ സിനിമയുടെ പ്രമോഷന് വേണ്ടിയാണ് താരം ഇത്തരം വിഡ്ഢിത്തങ്ങൾ വിളമ്പി കൊണ്ടിരിക്കുന്നതെന്ന് മാധവന്‍റെ വിഡിയോ പങ്കുവെച്ച് കൊണ്ട് ഒരു ട്വിറ്റർ ഉപഭോക്താവ് പറഞ്ഞു. ദിവസം ചെല്ലുന്തോറും അദ്ദേഹം കൂടുതൽ ചിരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. സിനിമയെ പ്രോത്സാഹിപ്പിക്കാൻ വിഡ്ഢിത്തങ്ങൾ വിളമ്പുകയല്ലാതെ വേറെ വഴിയൊന്നും ഇല്ലേയെന്നും ഉപഭോക്താവ് ചോദിച്ചു. എന്നാൽ ഈ വിഡിയോ പിന്നീട് ട്വിറ്ററിൽ നിന്നും നീക്കം ചെയ്തു.
എന്നാൽ ചെറിയ തെറ്റുകൾക്കെതിരെ ഇത്രയും വിഷം ചീറ്റണോയെന്ന് ചോദിച്ച് ട്രോളുകൾക്ക് മറുപടിയുമായി താരം രംഗത്തെത്തി. നിങ്ങളൊരു നല്ല അധ്വാനിയാണ്. നിങ്ങൾ കാരണം എനിക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. 250 ലക്ഷം എന്നത് തെറ്റി 25 ലക്ഷം എന്ന് പറഞ്ഞ് പോയെങ്കിലും ആകെ ജനസംഖ്യയുടെ 1.7 ശതമാനം മാത്രമേ ട്വിറ്റർ ഉപയോഗിക്കുന്നുള്ളൂ എന്നതായിരുന്നു എന്‍റെ പോയിന്‍റ്- മാധവൻ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ അടിസ്ഥാനമാക്കി മാധവൻ സംവിധാനം ചെയ്യുന്ന 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ താരം നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇന്ത്യയുടെ ചൊവ്വ ദൗത്യത്തിന് സഹായിച്ചത് ഹിന്ദു കലണ്ടർ പഞ്ചാംഗ് ആണെന്ന പ്രസ്താവനക്ക് പിന്നാലെ തെറ്റിന് ക്ഷമ ചോദിച്ച് നടൻ രംഗത്തെത്തി. വെള്ളിയാഴ്ച തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, മലയാളം, കന്നഡ എന്നീ ഭാഷകളിലും തിയറ്ററുകളിൽ എത്തും.