ത്രിവർണ പതാകയിൽ ഖുർആൻ സൂക്തങ്ങൾ; കേസ് റദ്ദാക്കണമെന്ന ഹരജി തള്ളി
text_fieldsപ്രയാഗ് രാജ് (യു.പി): മതഘോഷയാത്രയ്ക്കിടെ ഖുർആൻ സൂക്തങ്ങൾ എഴുതിയ ത്രിവർണ പതാക വഹിച്ചുവെന്നാരോപിച്ച് ആറുപേർക്കെതിരായ കേസ് റദ്ദാക്കാതെ അലഹബാദ് ഹൈകോടതി. കേസ് റദ്ദാക്കണമെന്നവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹരജി ജസ്റ്റിസ് വിനോദ് ദിവാകർ തള്ളുകയായിരുന്നു.
2002ലെ ഫ്‌ളാഗ് കോഡ് അനുസരിച്ച് പ്രവൃത്തി ശിക്ഷാർഹമാണെന്ന് കോടതി പറഞ്ഞു. മതപരവും വംശീയവും സാംസ്‌കാരികവുമായ വ്യത്യാസങ്ങൾക്കതീതമായി ത്രിവർണ പതാക ഐക്യത്തിന്‍റെയും നാനാത്വത്തിന്‍റെയും പ്രതീകമാണെന്നും കോടതി നിരീക്ഷിച്ചു. ഏതാനും വ്യക്തികളുടെ പ്രവർത്തനങ്ങൾ ഒരു സമൂഹത്തെ മുഴുവൻ അപകീർത്തിപ്പെടുത്താൻ ഉപയോഗിക്കരുതെന്ന് തിരിച്ചറിയേണ്ടത് നിർണായകമാണെന്നും കോടതി കൂട്ടിച്ചേർത്തു.
ഉത്തർ പ്രദേശിലെ ജലൗൻ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വർഷമാണ് ഇതുസംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്തത്. എഫ്.ഐ.ആറിൽ പരാമർശിച്ചിരിക്കുന്ന പതാക ത്രിവർണ പതാകയാണോ അതോ മൂന്ന് നിറങ്ങളുള്ള മറ്റേതെങ്കിലും പതാകയാണോ എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടില്ലെന്ന് പ്രതികളുടെ അഭിഭാഷകൻ വാദിച്ചു.
വാദങ്ങൾ കേട്ട കോടതി, വിചാരണകോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടെതന്ന് വ്യക്തമാക്കി ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

