ക്വിറ്റ് ഇന്ത്യ സമര സ്മരണയിൽ പാർലമെൻറ്
text_fieldsന്യൂഡൽഹി: പാർലമെൻറിെൻറ ഇരുസഭകളും ക്വിറ്റ് ഇന്ത്യ സമരത്തെ അനുസ്മരിച്ചു. ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അടക്കമുള്ളവരുടെ പേരുകള്‍ ഒഴിവാക്കിയത് വിവാദമാകുകയും ചെയ്തു.
ക്വിറ്റ് ഇന്ത്യ സമരത്തിലൂടെ രാജ്യം സ്വാതന്ത്ര്യത്തിനായി കാണിച്ച മനോവീര്യം 2022നുള്ളില്‍ പുതിയ ഭാരതം കെട്ടിപ്പടുക്കാൻ പുറത്തെടുക്കണമെന്ന് മോദി ആഹ്വാനം ചെയ്തു. ക്വിറ്റ് ഇന്ത്യ സമരത്തില്‍ ‘പ്രവര്‍ത്തിക്കുക; അല്ലെങ്കില്‍ മരിക്കുക’ എന്നായിരുന്നു മഹാത്മ ഗാന്ധി നല്കിയ മുദ്രാവാക്യമെങ്കില്‍ ഇന്നത് ‘പ്രവര്‍ത്തിക്കും; ഞങ്ങള്‍ പ്രവര്‍ത്തിച്ചിരിക്കും’ എന്നാണെന്നും ലോക്സഭയില്‍ അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ അഴിമതിയുടെയും ദാരിദ്ര്യത്തിെൻറയും പിടിയില്‍നിന്ന് മോചിപ്പിക്കണം. അഴിമതിയുടെ നീരാളിപ്പിടിത്തം വികസനത്തിന് വിഘാതം സൃഷ്ടിക്കുകയാണ്. അഴിമതിയും ഭീകരവാദവും തുടച്ചുനീക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.
ദാരിദ്ര്യവും പോഷകാഹാരക്കുറവും വിദ്യാഭ്യാസരംഗത്തെ ചില പോരായ്മകളും ആരോഗ്യ രംഗത്ത് ഇനിയും മുന്നേറാനുള്ളതുമാണ് രാജ്യം ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ഇത് 2022ഓടെ മറിക്കാൻ സാധിക്കണം. ഗാന്ധിജിയുടെ സ്വപ്നമായ ഗ്രാമസ്വരാജ് ഇപ്പോഴും അപൂര്‍ണമായി നില്‍ക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലാല്‍ബഹദൂര്‍ ശാസ്ത്രി, റാം മനോഹര്‍ ലോഹ്യ എന്നിവരുടെ പേരുകള്‍ എടുത്തുപറഞ്ഞ നരേന്ദ്ര മോദി ജവഹര്‍ലാല്‍ നെഹ്റു അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേര് പരാമര്‍ശിച്ചില്ല. ക്വിറ്റ് ഇന്ത്യ സമരത്തിൽ പെങ്കടുക്കാത്തവർ പലരുമാണ് ഇപ്പോൾ അതിെൻറ ആഘോഷങ്ങൾക്കുള്ളതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിമർശിച്ചു. ദലിതരും ബ്രാഹ്മണരും പശുവിനെ ഭക്ഷിക്കുന്നവരും പശുവിനെ ആരാധിക്കുന്നവരും ചേര്‍ന്നാണ് ക്വിറ്റ് ഇന്ത്യ സമരത്തെ നയിച്ചതെന്നും സ്വാതന്ത്ര്യത്തിനുശേഷം വിഭാഗീയതക്കും വര്‍ഗീയതക്കും കലാപങ്ങള്‍ക്കുമാണ് രാജ്യം വേദിയായതെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിൽ ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മയെയും ദാരിദ്ര്യത്തെയും കുറിച്ച് എന്താണ് പറയാത്തതെന്ന മന്ത്രി രവിശങ്കര്‍ പ്രസാദിെൻറ പരാമര്‍ശത്തോട്, കേന്ദ്രത്തിെൻറ സാമ്പത്തിക നയങ്ങളാണ് തൊഴിലില്ലായ്മയും ദാരിദ്ര്യവും വഷളാക്കിയതെന്ന് യെച്ചൂരി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
