ചോദ്യം ചെയ്യൽ അഭിഭാഷകന്റെ സാന്നിധ്യത്തിലാക്കണം; ഹരജി പരിഗണിച്ച് സുപ്രീംകോടതി
text_fieldsസുപ്രീം കോടതി
ന്യൂഡൽഹി: പൊലീസോ മറ്റു അന്വേഷണ ഏജൻസികളോ ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകന്റെ സാന്നിധ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിച്ച് സുപ്രീംകോടതി.
തടവിൽ കഴിയുന്ന വ്യക്തിക്ക് തിരഞ്ഞെടുത്ത രീതിയിൽ മാത്രം അഭിഭാഷകനെ കാണാൻ അനുവദിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നും ഇത് കസ്റ്റഡി മർദനത്തിനും മരണത്തിനും കാരണമാകുന്നുവെന്നും അഭിഭാഷകനായ ഷാഫി മേത്തർ നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടി.
ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് നോട്ടീസ് അയച്ചു. വ്യക്തിയെ പൊലീസ് സ്റ്റേഷനിലേക്കോ അന്വേഷണ ഏജൻസിയുടെ ഓഫിസിലേക്കോ വിളിപ്പിച്ചാൽ അവർക്ക് നിയമപരമായ അവകാശം ലഭിക്കാതിരിക്കുന്നത് ചോദ്യം ചെയ്യലിൽ പ്രതികൂല സാഹചര്യമുണ്ടാക്കും.
കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികളുടെ അന്വേഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും അഭിഭാഷകന്റെ സാന്നിധ്യം ലഭ്യമാക്കി മൗലികാവകാശം നടപ്പാക്കണമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
ചോദ്യം ചെയ്യാൻ വിളിക്കപ്പെടുന്ന വ്യക്തികൾക്ക് നിർബന്ധമോ സമ്മർദമോ നേരിട്ടതിനെക്കുറിച്ച് ഹരജിയിൽ പരാമർശമുണ്ടോയെന്ന് ഹരജിക്കാരനോട് ബെഞ്ച് ചോദിച്ചു. ചോദ്യം ചെയ്യപ്പെടുമ്പോൾ ആ ചോദ്യം കുറ്റാരോപിതമാണോ അല്ലയോ എന്ന് വ്യക്തിയോട് പറയാൻ അഭിഭാഷകൻ ഉണ്ടായിരിക്കേണ്ടത് പൊതുതാൽപര്യത്തിന്റെ കാര്യമാണെന്ന് ഹരജിക്കാരനുവേണ്ടി അഭിഭാഷക മനീക ഗുരുസ്വാമി വ്യക്തമാക്കി. സന്നദ്ധ സംഘടനയായ നാഷനൽ കാമ്പയിൻ എഗെയ്ൻസ്റ്റ് ടോർച്ചർ 2020ൽ പ്രസിദ്ധീകരിച്ച കസ്റ്റഡി പീഡനം സംബന്ധിച്ച റിപ്പോർട്ടും അഭിഭാഷക പരാമർശിച്ചു.
2019ൽ രാജ്യത്ത് കസ്റ്റഡിയിൽ 125 മരണ കേസുകളിൽ 93 പേർ പീഡനം മൂലവും 24 പേർ സംശയാസ്പദമായ സാഹചര്യത്തിലും മരിച്ചുവെന്നും മറ്റു കേസുകളിൽ കാരണം അജ്ഞാതമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

