Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചോദ്യപേപ്പർ ചോർച്ചയിൽ കർശന നിയമ നടപടി; ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

text_fields
bookmark_border
ചോദ്യപേപ്പർ ചോർച്ചയിൽ കർശന നിയമ നടപടി; ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം
cancel

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ അവതരിപ്പിക്കും. പ്രതികൾക്ക് 10 കോടി വരെ പിഴ ചുമത്താനും 10 വർഷം വരെ തടവിനുമാണ് ബില്ലിലെ വ്യവസ്ഥ. കേസുകളിലെ വിചാരണ മൂന്ന് മാസത്തിൽ പൂർത്തിയാക്കണമെന്നും ബില്ലിൽ പറയുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികളും പ്രതിപക്ഷ എം.പിമാരും പ്രതിഷേധം ശക്തമാക്കിയിരിക്കെ വിഷയത്തിൽ ഗൗരവമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസുകളിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കുന്നതിനും കർശന ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള കരട് നിയമം കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച പരിഗണിക്കുമെന്നാണ് നരേന്ദ്ര മോദി അറിയിച്ചിരിക്കുന്നത്. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ബിൽ പാസാക്കാൻ സർക്കാർ എല്ലാ ശ്രമവും നടത്തും.

സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച വിഡിയോയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. പരീക്ഷ ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും വലിയ മാനസിക വേദനയാണ് സൃഷ്ടിച്ചതെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. 'ഇത് നിസാരമായി കാണാനാകുന്ന വിഷയമല്ല. ലക്ഷക്കണക്കിന് വിദ്യാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതത്തെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്'. 'വിദ്യാർഥികൾക്ക് ഒരു അക്കാദമിക് വർഷം നഷ്ടപ്പെടാൻ പാടില്ല എന്നത് പ്രധാന ഉത്തരവാദിത്തമാണ്.

ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതികളെ അറസ്റ്റ് ചെയ്തു. എന്നാൽ, അതുകൊണ്ട് മാത്രം തൃപ്തിപ്പെടാൻ കഴിയില്ല. 'അറസ്റ്റും തടവും മാത്രം മതിയെന്ന നിലപാടല്ല. അതിനാലാണ് ഫാസ്റ്റ് ട്രാക്ക് കോടതികൾക്കായുള്ള വ്യവസ്ഥകൾ തയാറാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയത്.

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ആരോപണവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വിഷയത്തിൽ പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടും പ്രതിപക്ഷം ശക്തമായി രംഗത്തുണ്ട്. എം.പിമാരുടെ പ്രതിഷേധ മാർച്ച് ഗാന്ധി സ്മൃതിയിലെത്തുകയുണ്ടായി. ഗാന്ധി സ്മൃതിയിൽ ദേശീയഗാനം ചെല്ലിയാണ് പ്രതിഷേധം അവസാനിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Strict legal action against question paper leak; Union Cabinet approves bill
Next Story