ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ്, പത്താം ക്ലാസ് കണക്കു പരീക്ഷ ചോദ്യക്കടലാസുകളുടെ ചോർത്തലുമായി ബന്ധപ്പെട്ട ഹരജികൾ ബുധനാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി വിദ്യാർഥികളടക്കം നൽകിയ മൂന്ന് ഹരജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
പത്താം ക്ലാസ് കണക്കു പരീക്ഷ ഡൽഹിയിലും ഹരിയാനയിലും മാത്രം നടത്താനുള്ള തീരുമാനം രാഷ്ട്രീയമാണെന്നും കർണാടകയിലും മറ്റും പ്രഖ്യാപിച്ച തെരഞ്ഞെടുപ്പാണ് പ്രശ്നമെന്നും മലയാളി വിദ്യാർഥിനികൾ നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടി. പന്ത്രണ്ടാം ക്ലാസിലെ മുഴുവൻ പരീക്ഷകളും നാലാഴ്ചക്കകം വീണ്ടും നടത്തണമെന്നാവശ്യപ്പെട്ടും സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ടുമാണ് മറ്റു ഹരജികൾ.
അതിനിടെ, പത്തിലെ കണക്ക് പുനഃപരീക്ഷയുടെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിൽ ഡൽഹി ഹൈകോടതി സി.ബി.എസ്.ഇക്ക് നോട്ടീസയച്ചു. എന്തുകൊണ്ടാണ് പരീക്ഷയുടെ തീയതി പ്രഖ്യാപിക്കാത്തതെന്ന് കോടതി ചോദിച്ചു. ഏപ്രിൽ 16ന് പ്രഖ്യാപിക്കുമെന്നും ജൂലൈയിൽ നടത്തുമെന്നും സി.ബി.എസ്.ഇ കോടതിയെ അറിയിച്ചു. എന്നാൽ, പുനഃപരീക്ഷ ഇത്രയും വൈകിപ്പിച്ച് കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നതെന്തിനെന്നും ഇവർക്ക് അക്കാദമിക് വർഷം നഷ്ടെപ്പടില്ലേയെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മേത്തൽ, ജസ്റ്റിസ് ഹരിശങ്കർ എന്നിവരുടെ ബെഞ്ച് ചോദിച്ചു.
കൂടാതെ, പ്രശ്നത്തിൽ ഇടപെട്ട് സി.ബി.എസ്.ഇ, സ്കൂൾ എജുക്കേഷൻ സെക്രട്ടറി, ഡൽഹി പൊലീസ് കമീഷണർ എന്നിവർക്ക് ദേശീയ മനുഷ്യാവകാശ കമീഷനും നോട്ടീസയച്ചു. ഒരു മാസത്തിനുള്ളിൽ വിശദ റിപ്പോർട്ട് നൽകണമെന്നും കമീഷൻ നോട്ടീസിൽ ആവശ്യപ്പെട്ടു. അതേസമയം, ചോദ്യചോർച്ച അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും എവിടെയും റിേപ്പാർട്ട് ചെയ്യപ്പെട്ടിട്ടില്ല.