ഇൻഡോ-പസഫിക് സുരക്ഷക്ക് കൈകോർത്ത് ‘ക്വാഡ്’; പുതിയ പ്രതിരോധ പദ്ധതികൾ പ്രഖ്യാപിച്ചു
text_fieldsന്യൂഡൽഹി: ഇൻഡോ-പസഫിക് മേഖലയിലെ സമുദ്ര സുരക്ഷയും തുറമുഖ വികസനവും ശക്തമാക്കുന്നതിനായി 'ക്വാഡ്' കൂട്ടായ്മ നിരവധി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഊർജ്ജ സുരക്ഷയും നിർണായക ധാതുക്കളുടെ വിതരണവും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഈ തീരുമാനങ്ങൾ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഉണ്ടായത്.
ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ ഇൻഡോ-പസഫിക് മേഖലയിലെ കപ്പൽ ഗതാഗത വിവരങ്ങളും നിരീക്ഷണങ്ങളും തത്സമയം പങ്കുവെക്കുന്നതിനായി 'ഇൻഡോ-പസഫിക് മാരിടൈം സർവൈലൻസ് കോർപ്പറേഷൻ' എന്ന പുതിയ സംവിധാനം ആരംഭിക്കാൻ തീരുമാനിച്ചതായി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.പസഫിക് ദ്വീപ് സമൂഹത്തിലെ ഫിജിയുടെ പരിമിതമായ തുറമുഖ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ക്വാഡ് രാജ്യങ്ങൾ ആദ്യമായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആഗോള സാമ്പത്തിക രംഗത്തും ഊർജ്ജ വ്യാപാരത്തിലും ഇൻഡോ-പസഫിക് മേഖലക്കുളള പ്രാധാന്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ക്വാഡ് കൂട്ടായ്മയുടെ ഉത്തരവാദിത്തങ്ങൾ ഇനിയും കൂടുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അഭിപ്രായപ്പെട്ടു. അതേ സമയം മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ മോശമാകുന്ന പശ്ചാത്തലത്തിൽ കൃത്യമായ ബദലുകൾ നൽകാൻ തങ്ങൾക്ക് കടമയുണ്ടെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് ഓർമ്മിപ്പിച്ചു.
ഇൻഡോ-പസഫിക് മേഖലയിലെ ഊർജ്ജ സുരക്ഷക്കായി പ്രഖ്യാപിച്ച പുതിയ പദ്ധതിയെ ജപ്പാൻ പ്രോത്സാഹിപ്പിക്കുന്ന 'പവർ ഏഷ്യ' എന്ന ക്രൂഡോയിൽ സംഭരണ സംവിധാനവുമായി ചേർത്ത് പ്രവർത്തിപ്പിക്കാൻ താല്പര്യപ്പെടുന്നതായി ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗി വ്യക്തമാക്കി. യോഗത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ നിർണായക ധാതുക്കളുടെ വിതരണ ശൃംഖല ശക്തമാക്കുന്നതിനായി 20 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നും ഖനനം, സംസ്കരണം, പുനരുപയോഗം എന്നിവയിൽ സ്വകാര്യ പങ്കാളിത്തത്തോടെ നിക്ഷേപങ്ങൾ ഏകോപിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
മേഖലയിൽ തടസ്സമില്ലാത്തതും സുസ്ഥിരവുമായ ഊർജ്ജ വിപണി ഉറപ്പാക്കാൻ ക്വാഡ് ഒന്നിച്ച് പ്രവർത്തിക്കുമെന്നും പ്രസ്താവനയിലുണ്ട്. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടെടുത്ത കൂട്ടായ്മ 2025 ഏപ്രിൽ 22-ന് ഇന്ത്യയിലെ പഹൽഗാമിൽ നടന്ന ക്രൂരമായ ഭീകരാക്രമണത്തെയും അതിർത്തി കടന്നുള്ള ഭീകരവാദത്തെയും സംയുക്തമായി അപലപിച്ചു.
തെക്കൻ ചൈനാ കടലിലും കിഴക്കൻ ചൈനാ കടലിലും ചൈന നടത്തുന്ന അപകടകരമായ നീക്കങ്ങളിലും തർക്കപ്രദേശങ്ങൾ സൈനികവത്കരിക്കുന്നതിലും വാട്ടർ കാനനുകളും ഫ്ലെയറുകളും ഉപയോഗിച്ച് മറ്റ് കപ്പലുകളെ തടയുന്നതിലും ക്വാഡ് രാജ്യങ്ങൾ തങ്ങളുടെ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

