കോവിഡ് ഭീഷണി മറികടക്കാൻ ക്യു.ആർ കോഡുള്ള ടിക്കറ്റുമായി റെയിൽവേ
text_fieldsന്യൂഡൽഹി: കോവിഡ് ഭീഷണി മറികടക്കാൻ ക്യു.ആർ കോഡുള്ള ടിക്കറ്റുമായി ഇന്ത്യൻ റെയിൽവേ. ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് പരിശോധകർക്ക് യാത്രക്കാരുടെ വിവരങ്ങൾ ലഭ്യമാക്കുന്നതാണ് സംവിധാനം.
രാജ്യത്തെ 85 ശതമാനം ടിക്കറ്റുകളും ഓൺലൈനായാണ് ബുക്ക് ചെയ്യുന്നതെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വൈ.കെ യാദവ് പറഞ്ഞു. ഇതിന് പുറമേ കൗണ്ടർ ടിക്കറ്റുകളിലും ക്യു.ആർ കോഡ് നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുേമ്പാൾ ലഭിക്കുന്ന ടെക്സ്റ്റ് മെസേജിൽ ക്യു.ആർ കോഡ് ലഭിക്കാനുള്ള ലിങ്കുമുണ്ടാവും. ടിക്കറ്റ് പരിശോധകർ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് യാത്രക്കാരുടെ വിവരങ്ങൾ രേഖപ്പെടുത്തും. പരീക്ഷണാടിസ്ഥാനത്തിൽ ഉത്തർപ്രദേശിലെ പ്രയാഗ്രാജ് റെയിൽവേ സ്റ്റേഷനിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുക. വൈകാതെ മറ്റ് സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് റെയിൽവേ അറിയിച്ചു.
