പൈലറ്റിന് ദേഹാസ്വാസ്ഥ്യം; ഖത്തർ എയർവേയ്സ് വിമാനം ഗോവയിലിറക്കി
text_fieldsതിരുവനന്തപുരം: പൈലറ്റിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് ഖത്തർ എയർവേയ്സ് വിമാനം അടിയന്തരമായി ഗോവ വിമാനത്താവളത്തിൽ ഇറക്കി. ശനിയാഴ്ച പുലർെച്ച നാലിന് തിരുവനന്തപുരത്തുനിന്ന് ദോഹയിലേക്കുപോയ വിമാനമാണ് ഗോവയിലിറക്കിയത്. പൈലറ്റ് ഇറ്റാലിയന്‍ സ്വദേശി സീയുഡിനോ ഒട്ടാവിയോക്കാണ് വിമാനം പറപ്പിക്കുന്നതിനിടെ ദേഹാസ്വസ്ഥ്യമുണ്ടായത്.
തുടര്‍ന്ന് കോ പൈലറ്റിന് വിമാനത്തിെൻറ നിയന്ത്രണം കൈമാറുകയായിരുന്നു. ഈ സമയം വിമാനം മുംബൈ എയര്‍ട്രാഫിക് കണ്ട്രോളിെൻറ നിയന്ത്രണത്തിലായിരുന്നു. കോപൈലറ്റ് അറിയിച്ചതിനെ തുടര്‍ന്ന് വിമാനം അപ്പോള്‍ പറന്നിരുന്ന പരിധിക്കടുത്തുള്ള ഗോവ വിമാനത്താവളത്തിൽ ഇറക്കാന്‍ എയർ ട്രാഫിക് കൺട്രോൾ റൂമിൽനിന്ന് നിര്‍ദേശം നല്കി. ഇതിനെ തുടർന്ന് കോ-പൈലറ്റ് വിമാനം ഗോവ വിമാനത്താവളത്തിൽ രാവിലെ 6.45യോടെ ലാൻഡിങ് നടത്തി. പൈലറ്റിനെ സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിമാനത്തിലുണ്ടായിരുന്ന 127 യാത്രക്കാരെയും മൂന്നരയോടെ ദോഹയില്‍നിന്ന് മറ്റൊരു വിമാനമെത്തിച്ച് കൊണ്ടുപോയതായി ഖത്തര്‍ എയര്‍വേയ്സ് അധികൃതര്‍ അറിയിച്ചു.
