കടകൾക്ക് മുന്നിൽ ‘സ്വദേശി’ ബോർഡ് പ്രദർശിപ്പിക്കൂ; യു.എസ് തീരുവ ഭീഷണി നേരിടാൻ മോദിയുടെ ആഹ്വാനം
text_fieldsനരേന്ദ്ര മോദി
അഹ്മദാബാദ്: സ്വദേശി ഉൽപന്നങ്ങളുടെ നിർമാണവും ഉപയോഗവും പ്രോത്സാഹിപ്പിക്കാൻ കടകൾക്ക് മുന്നിൽ ‘സ്വദേശി’ എന്നെഴുതിയ ബോർഡുകൾ പ്രദർശിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങിയതിന് ‘പിഴ’ എന്ന് വിശേഷിപ്പിച്ച് യു.എസ് ഏർപ്പെടുത്തിയ 25 ശതമാനം അധിക താരിഫ് നിലവിൽ വരുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ പുതിയ ആഹ്വാനം. അഹ്മദാബാദിലെ പൊതുപരിപാടിയിലെ പ്രസംഗത്തിലായിരുന്നു മോദിയുടെ പരാമർശം.
വരാനിരിക്കുന്ന ഉത്സവ സീസൺ പരാമർശിച്ചുകൊണ്ടാണ് മോദിയുടെ ആഹ്വാനം. നവരാത്രി, വിജയദശമി, ധന്തരാസ്, ദീപാവലി തുടങ്ങിയ ആഘോഷങ്ങളാണ് വരുന്നതെന്നും അവ രാജ്യത്തിന്റെ സ്വാശ്രയത്വത്തിന്റെ ആഘോഷങ്ങളുമായിരിക്കുമെന്നും മോദി പറഞ്ഞു. എന്ത് സാധനങ്ങൾ വാങ്ങുമ്പോഴും അവ ഇന്ത്യയിൽ നിർമിച്ചതാണെന്ന് ഉറപ്പാക്കണം. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വസ്തുക്കൾ വിൽക്കുന്നതിൽനിന്ന് കച്ചവടക്കാർ വിട്ടുനിൽക്കണം. അതിനെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഈ നടപടി ചെറുതായി തോന്നാം. എന്നാൽ ഫലപ്രദമായിരിക്കും. ഇത് രാജ്യത്തിന്റെ പുരോഗതിയും സമൃദ്ധിയും ഉയർത്തുമെന്നും മോദി പറഞ്ഞു.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കുമേൽ ചുമത്തിയ അമിത തീരുവയുടെ പശ്ചാത്തലത്തിലാണ് മോദിയുടെ ‘സ്വദേശി’ നിർദേശങ്ങൾ. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ പുതിയ എപ്പിസോഡിലും രാഷ്ട്രത്തിനായുള്ള യഥാർഥ സേവനം തദ്ദേശ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് മോദി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

