മോദിയുടെ പേര് പരാമർശിക്കാത്തതിന് ചാനലിൽ നിന്ന് പുറത്താക്കിയെന്ന് പുണ്യ പ്രസൂൻ ബാജ്പേയ്
text_fieldsന്യൂഡൽഹി: ആനന്ദ് ബസാർ പത്രികയുടെ ഹിന്ദി വാർത്ത ചാനലായ എ.ബി.പി ന്യൂസിൽ നിന്ന് പുറത്താക്കപ്പെട്ടതിന്‍റെ വിവരങ്ങൾ തുറന്നു പറഞ്ഞ് മാധ്യമപ്രവർത്തകൻ പുണ്യ പ്രസൂൻ ബാജ്പേയ്. ചാനൽ ചീഫ് എഡിറ്ററുമായി നടത്തിയ സംഭാഷണത്തിന്‍റെ വിശദാംശങ്ങളാണ് ഒാൺലൈൻ ന്യൂസ് സൈറ്റായ ‘ദ വൈറി’ൽ എഴുതിയ ലേഖനത്തിലൂടെ പ്രസൂൻ ബാജ്പേയ് പുറത്തുവിട്ടത്.
ചാനൽ പരിപാടിക്കിടെ കേന്ദ്ര സർക്കാർ പദ്ധതിയെ കുറിച്ച് പറയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഒഴിവാക്കുന്നത് താങ്കൾ ആവർത്തിക്കുകയാണെന്ന് ചീഫ് എഡിറ്റർ പറഞ്ഞു. എന്നാൽ, അതാതു മന്ത്രാലയങ്ങളുടെ വിവരങ്ങൾ പരാമർശിക്കുമ്പോൾ മന്ത്രിമാരുടെ പേരുകൾ പറയുന്നു. എന്നാൽ, പ്രധാനമന്ത്രിയുടെ പേര് പരാമർശിക്കുന്നില്ലെന്ന് ചീഫ് എഡിറ്റർ ആരോപിച്ചതായും പ്രസൂൻ ബാജ്പേയ് വെളിപ്പെടുത്തി.
തന്‍റെ വകുപ്പുകളുടെയും മറ്റ് വകുപ്പുകളുടെയും അടക്കം എല്ലാ സർക്കാർ പരിപാടികളും പ്രഖ്യാപിക്കുന്നത് പ്രധാനമന്ത്രിയാണ്. കൂടാതെ മന്ത്രിമാർ എപ്പോഴും പ്രധാനമന്ത്രിയുടെ പേരാണ് പദ്ധതി പ്രഖ്യാപിക്കുമ്പോൾ പറയാറുള്ളത്. പിന്നെ എന്തിനാണ് പ്രധാനമന്ത്രിയുടെ പേര് നമ്മൾ പറയുന്നതെന്നും എഡിറ്ററോട് ചോദിച്ചതായി പ്രസൂൻ ബാജ്പേയ് വിശദീകരിക്കുന്നു.
എന്നാൽ, മര്‍ക്കടമുഷ്ടി അവസാനിപ്പിക്കണമെന്നാണ് എഡിറ്റർ തന്നോട് പറഞ്ഞത്. കുറച്ചു ദിവസങ്ങളായി താങ്കൾ നാടകം കളിക്കുകയാണ്. യാഥാർഥ്യം മനസിലാക്കണം. അത്തരത്തിലുള്ള നടപടികൾ അവസാനിപ്പിക്കണമെന്നും എഡിറ്റർ നിർദേശിച്ചതായും ലേഖനത്തിൽ പ്രസൂൻ ബാജ്പേയ് ചൂണ്ടിക്കാട്ടുന്നു.
ആനന്ദ് ബസാർ പത്രികയുടെ ഹിന്ദി വാർത്ത ചാനലായ എ.ബി.പി ന്യൂസിൽ നിന്ന് ‘മാസ്റ്റർ സ്ട്രോക്ക്’ ഷോ അവതാരകൻ പുണ്യപ്രസൂൻ ബാജ്പേയ്, മാനേജിങ് എഡിറ്റർ മിലിന്ദ് ഖണ്ഡേകർ എന്നിവരാണ് മോദിയെ വിമർശിച്ച റിപ്പോർട്ടിന്റെ പേരിൽ പുറത്തായത്. മാധ്യമ പ്രവർത്തകരുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെ വിഷയം വലിയ ചർച്ചകൾക്കും വിമർശനത്തിനും വഴിവെച്ചിരുന്നു.
മാധ്യമ പ്രവർത്തകർ പുറത്താക്കപ്പെട്ടത് ലോക്സഭയിലും പ്രതിപക്ഷം ഉന്നയിച്ചത് ഭരണ, പ്രതിപക്ഷ ഏറ്റുമുട്ടലിനും വഴിവെച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാൻ സർക്കാർ ശ്രമിക്കുകയാണെന്നാണ് കോൺഗ്രസ് സഭാ നേതാവ് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തിയത്. എന്നാൽ, വാർത്തവിതരണ പ്രക്ഷേപണ മന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് ആരോപണം നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
