മില്ലിലെ യന്ത്രത്തിൽ മുടി കുടുങ്ങി; തല ദേഹത്തു നിന്ന് വേർപെട്ട് 30കാരിക്ക് ദാരുണാന്ത്യം
text_fieldsrepresentational image
ചണ്ഡിഗഢ്(പഞ്ചാബ്): ധാന്യങ്ങൾ പൊടിക്കുന്ന മില്ലിലെ ജോലിക്കിടെ തലമുടി യന്ത്രത്തിൽ കുരുങ്ങിയ 30കാരിക്ക് ദാരുണാന്ത്യം. മുടി കുരുങ്ങുകയും യുവതിയുടെ തല ദേഹത്തു നിന്ന് വേർപെട്ടു പോവുകയും ചെയ്തതായാണ് റിപ്പോർട്ട്.
പഞ്ചാബിലെ ഫിറോസ്പൂരിലാണ് സംഭവം. സെഖ്വാൻ ഗ്രാമത്തിലെ ബൽജീത് കൗർ എന്ന യുവതിയാണ് മരിച്ചത്. ഭർത്താവുമായി ചേർന്നാണ് ഇവർ മിൽ നടത്തിയിരുന്നത്. ഭർത്താവ് പുറത്തു പോയ സമയത്തായിരുന്നു അപകടം.
ഉപഭോക്താവ് വന്നതിനെ തുടർന്ന് ധാന്യപൊടി എടുക്കാനായി പ്രവർത്തിച്ചുകൊണ്ടിരുന്ന യന്ത്രത്തിനരികിൽ കുനിഞ്ഞപ്പോൾ ബൽജീതിന്റെ തലമുടി യന്ത്രത്തിൽ കുരുങ്ങുകയായിരുന്നു. ഉടനടി യുവതിയുടെ തല ദേഹത്തുനിന്ന് വേർപെട്ടു.
ആളുകൾ ചേർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

