ദീപാവലി ആഘോഷത്തിൽ തീ പടർന്നത് 1,152 വയലുകൾക്ക്; കരിഞ്ഞുണങ്ങി പഞ്ചാബിലെ നെൽപ്പാടങ്ങൾ
text_fieldsലുധിയാന: ദീപാവലി ആഘോഷങ്ങൾക്കിടെ പഞ്ചാബിൽ തീ പടർന്നത് 1,152 വയലുകൾക്ക്. ഇതോടെ സെപ്റ്റംബർ 15 മുതൽ ഇതുവരെ സംസ്ഥാനത്തെ ആകെ തീപിടിച്ച വയലുകളുടെ എണ്ണം 4,459 ആയി. നവംബർ ഏഴിന് 3,307 ആയിരുന്ന കണക്കാണ് ഒറ്റദിവസം കൊണ്ട് 35 ശതമാനം വർധിച്ചത്. ദീപാവലിയിൽ ഡൽഹിയടക്കമുള്ള നഗരങ്ങളിൽ വായുമലിനീകരണവും തീപിടിത്തങ്ങളും ഗുരുതരമായതിനു പിന്നാലെയാണ് പഞ്ചാബിലും വയലുകളിൽ തീപിടിത്തങ്ങൾ ഉയർന്നത്. പടക്കങ്ങളിൽനിന്നുള്ള പുകയും ശൈത്യകാലത്തെ അന്തരീക്ഷ സാഹചര്യങ്ങളും മലിനീകരണം വർധിപ്പിച്ചതിനൊപ്പം വയലുകളിൽനിന്നുള്ള പുകയും വായുനില കൂടുതൽ മോശമാക്കി. വംബർ ഒമ്പതിലെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുപ്രകാരം മാണ്ഡി ഗോബിന്ദ്ഗഢിൽ വായുനിലവാര സൂചിക 399 ആയി. ലുധിയാനയിൽ 313, ജലന്ധറിൽ 298, അമൃത്സറിൽ 234, പട്യാലയിൽ 210 എന്നിങ്ങനെയായിരുന്നു എക്യുഐ.
ദിവസം ഏറ്റവും കൂടുതൽ തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തത് സംഗ്രൂരിലാണ്.194 വയലുകൾക്കാണ് ഇവിടെ തീപിടിച്ചത്. ഫിറോസ്പുരിൽ 157ഉം ഭട്ടിൻഡയിൽ 132, പട്യാലയിൽ 92, ബർണാലയിൽ 91, ലുധിയാനയിൽ 71 എന്നിങ്ങനെയാണ് മറ്റുകണക്കുകൾ. കഴിഞ്ഞ വർഷം ഇതേ തീയതിവരെ 3,316 തീപിടിത്തങ്ങളായിരുന്നു പഞ്ചാബിൽ റിപ്പോർട്ട് ചെയ്തിരുന്നത്. ഇത്തവണത്തെ കണക്ക് അതിനെ മറികടന്നു. വയൽ തീപിടിത്തങ്ങൾ തടയാൻ നടപടികൾ ശക്തമാക്കിയിട്ടുണ്ടെങ്കിലും പിഴയിട്ടതിന്റെ മുഴുവൻ തുകയും പിരിച്ചെടുക്കാനായിട്ടില്ല. 2,998 സ്ഥലങ്ങളിൽ പരിശോധന നടത്തിയതിൽ 1,310 ഇടങ്ങളിൽ കത്തിക്കലിന്റെ തെളിവുകൾ കണ്ടെത്തി. 1,228 കേസുകളിലായി 62.55 ലക്ഷം രൂപ പാരിസ്ഥിതിക നഷ്ടപരിഹാരമായി ചുമത്തിയിട്ടുണ്ടെങ്കിലും 32.60 ലക്ഷം രൂപ മാത്രമാണ് ഈടാക്കിയത്.

