
'അവർ ഏറ്റവും വലിയ രാജ്യദ്രോഹികൾ'; ദീപ് സിദ്ദുവിനെയും കൂട്ടരെയും ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് കർഷക നേതാവ്
text_fieldsഅമൃത്സർ: പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദുവിനെയും മസ്ദൂർ കിസാൻ സംഘർഷ് കമ്മിറ്റി നേതാക്കളായ സത്നം സിങ് പന്നു, സർവാൻ സിങ് പാണ്ഡെർ എന്നിവരെയും പഞ്ചാബിലെ ഏറ്റവും വലിയ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച് കർഷക നേതാവ് ബൽബീർ സിംഗ് രാജേവാൾ. ചെങ്കോട്ടയിലെ അക്രമ സംഭവങ്ങൾ കഴിഞ്ഞ് ഒരുദിവസം പിന്നിടുേമ്പാൾ കർഷകരുടെ പ്രസ്ഥാനത്തിൽ നിന്ന് ഇത്തരം മാലിന്യങ്ങളെ പുറന്തള്ളാനും മൂന്നുപേരെയും സംസ്ഥാനത്ത് നിന്ന് ബഹിഷ്കരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ചെങ്കോട്ട സംഭവത്തിൽ ദീപ് സിദ്ദു കർഷകരെ തെറ്റിദ്ധരിപ്പിച്ചുവെന്ന് നിരവധി യൂണിയനുകളും ആരോപിച്ചിരുന്നു. ചെങ്കോട്ടയിലേക്കുള്ള ചില പ്രത്യേക ഗ്രൂപ്പുകളുടെ മാർച്ചിന് സൗകര്യമൊരുക്കുന്നതിൽ ദില്ലി പോലീസിെൻറ പങ്കിനെക്കുറിച്ചും അദ്ദേഹം ചോദ്യങ്ങളുന്നയിച്ചു. കോട്ടയിലേക്ക് തിരിച്ച അത്തരക്കാരെ അകമ്പടി സേവിച്ചത് പൊലീസാണെന്നും ബൽബീർ സിങ് ആരോപിച്ചു.
രണ്ട് മാസമായി മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡ് നടത്താൻ ദില്ലി പോലീസ് അനുവാദം നൽകുകയും അതിനുള്ള വഴികൾ അതിനകം തന്നെ നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാൽ, അതെല്ലാം കാറ്റിൽ പറത്തി മറ്റ്വഴികളിലൂടെ ചില പ്രതിഷേധക്കാർ ചെങ്കോട്ടയിലെത്തി കുഴപ്പങ്ങൾ സൃഷ്ടിക്കുകയായിരുന്നു.