പഞ്ചാബിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരട്ട സ്ഫോടനം; ബി.എസ്.എഫ് ആസ്ഥാനങ്ങൾ നിരീക്ഷണത്തിൽ, സുരക്ഷ ശക്തമാക്കി
text_fieldsസ്ഫോടനം നടന്ന സ്ഥലം
ചണ്ഡീഗഡ്: അതിർത്തി സംസ്ഥാനമായ പഞ്ചാബിലെ ജലന്ധറിലും അമൃത്‌സറിലും ബി.എസ്.എഫ് കേന്ദ്രങ്ങൾക്ക് സമീപം മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് സ്ഫോടനങ്ങൾ നടന്നു. സ്ഫോടനങ്ങളിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ് പൊലീസും കേന്ദ്ര ഏജൻസികളും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആദ്യ സ്ഫോടനം നടന്നത് ജലന്ധറിലെ ബി.എസ്.എഫ് ചൗക്കിലാണ്. ബി.എസ്.എഫ് ആസ്ഥാനത്തിന് തൊട്ടടുത്തുള്ള തിരക്കേറിയ ഈ പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന ഒരു സ്കൂട്ടർ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന് പിന്നാലെ സ്കൂട്ടറിൽ തീപടർന്നത് പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
സി.സി.ടി.വി ദൃശ്യങ്ങളിൽ സ്കൂട്ടർ പൊട്ടിത്തെറിക്കുന്നതും സമീപത്തുണ്ടായിരുന്ന ആൾ ഓടി മാറുന്നതും വ്യക്തമാണ്. സ്കൂട്ടർ ഉടമയായ ഗുർപ്രീത് സിങ് എന്ന ഡെലിവറി ഏജന്റിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. തന്റെ സ്കൂട്ടറിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു എന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്.
ജലന്ധറിലെ സംഭവത്തിന് മണിക്കൂറുകൾക്ക് ശേഷം രാത്രി വൈകി അമൃത്‌സറിലെ ഖാസ മേഖലയിലുള്ള ആർമി ക്യാമ്പിന് പുറത്താണ് രണ്ടാമത്തെ സ്ഫോടനം നടന്നത്. ബൈക്കിലെത്തിയ അജ്ഞാതർ ഗ്രനേഡ് എറിഞ്ഞതാണെന്ന് പ്രാഥമികമായി സംശയിക്കുന്നു. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് വെറും 15 കിലോമീറ്റർ മാത്രം അകലെയുള്ള അതീവ സുരക്ഷാ മേഖലയിലാണ് ഈ സ്ഫോടനം നടന്നത്.
സംഭവം പഞ്ചാബിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ പോരിന് വഴിതുറന്നിട്ടുണ്ട്.
സംസ്ഥാനത്തെ ക്രമസമാധാന നില പൂർണ്ണമായും തകർന്നുവെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ് ആരോപിച്ചു. അതിർത്തി സംസ്ഥാനമായ പഞ്ചാബിലെ ഇത്തരം സംഭവങ്ങൾ ദേശീയ സുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ അട്ടിമറി സാധ്യതയുണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഫോറൻസിക് പരിശോധനകൾക്കും വിശദമായ അന്വേഷണത്തിനും ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും പൊലീസ് കമീഷണർ ധൻപ്രീത് കൗർ അറിയിച്ചു.
ഫോറൻസിക് വിദഗ്ധരും ബോംബ് സ്ക്വാഡും സംഭവസ്ഥലങ്ങളിൽ പരിശോധന നടത്തുകയാണ്. സംസ്ഥാനത്തെ എല്ലാ തന്ത്രപ്രധാന മേഖലകളിലും ബി.എസ്.എഫ് കേന്ദ്രങ്ങളിലും സുരക്ഷാ പരിശോധന കർശനമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

