പഞ്ചാബിലെ ഗ്രനേഡ് ആക്രമണക്കേസിലെ പ്രതി ഹരിയാനയിൽ പിടിയിൽ
text_fieldsചണ്ഡിഗഡ്: പഞ്ചാബിലെ ഫസിൽകയിൽ നടന്ന സ്ഫോടനക്കേസിലെ മുഖ്യപ്രതി ഹരിയാനയിൽ പിടിയിൽ. ഹരിയാനയും പഞ്ചാബും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഫസിൽകയിലെ ജലാലാബാദ് സിറ്റി പൊലീസ് സ്റ്റേഷന് നേരെ ഗ്രനേഡ് ആക്രമണം നടത്തിയ കേസിൽ ഉൾപ്പെട്ട കുൽവന്ത് സിങ് എന്ന പ്രതി പിടിയിലായത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാക്കിസ്താനിലെ ഭീകരവാദികളുമായും കുപ്രസിദ്ധ ഗുണ്ടയായ ഷെഹ്സാദ് ഭട്ടിയുടെ സംഘവുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ സെപ്റ്റംബർ 13-നാണ് ജലാലാബാദ് പൊലീസ് സ്റ്റേഷന് നേരെ ഗ്രനേഡ് ആക്രമണം നടന്നത്. ഈ ആക്രമണത്തിന് പിന്നിലെ സൂത്രധാരൻ കുൽവന്ത് സിങാണെന്നാണ് പൊലീസിന്റെ നിഗമനം.
ഒക്ടോബർ 26-ന് രാത്രി ഫരീദാബാദിലെത്തിയ ഇയാൾ ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഹരിയാന സ്പെഷ്യൽ ടാസ്ക് ഫോഴ്സും ഫരീദാബാദ് ജില്ലാ പൊലീസും പഞ്ചാബ് പൊലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലൂടെയാണ് ബുധനാഴ്ച രാവിലെ ഇയാളെ പിടികൂടിയത്. പാക്കിസ്താനിൽ നിന്ന് ഡ്രോൺ വഴി എത്തിയ ആയുധക്കടത്ത് കേസിലും ഇയാൾക്ക് പങ്കുണ്ടോയെന്ന കാര്യത്തിലും പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

