കേരളത്തിന് തെലങ്കാനയുടെ 25 കോടി, പഞ്ചാബും ഡൽഹിയും 10 കോടി വീതം
text_fieldsന്യൂഡൽഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് 25 കോടി നൽകുമെന്ന് തെലങ്കാന സർക്കാർ അറിയിച്ചു. പഞ്ചാബ്, ഡൽഹി സർക്കാറുകൾ 10 കോടി രൂപ വീതവും നൽകും. കേരളത്തെ പൊതുജനം സഹായിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഭ്യർഥിച്ചു.
പഞ്ചാബ് നൽകുന്ന തുകയിൽ അഞ്ചുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ്. ബാക്കി തുകക്ക് ഉടനടി ഭക്ഷ്യവസ്തുക്കൾ കേരളത്തിൽ വിമാനമാർഗം എത്തിക്കും. മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങാണ് ഇൗ വിവരം അറിയിച്ചത്. പാൽപ്പൊടി, ബിസ്ക്കറ്റ്, റസ്ക്, കുപ്പിവെള്ളം തുടങ്ങി 30 ടൺ ഭക്ഷ്യസാധനങ്ങൾ നാലുതവണയായി കേരളത്തിൽ എത്തിക്കാനാണ് തീരുമാനം. ഇതിൽ ആദ്യ വിമാനം ശനിയാഴ്ച തിരുവനന്തപുരത്ത് എത്തും.
കേരള സർക്കാർ ആവശ്യപ്പെടുന്നമുറക്ക് ബാക്കി ഭക്ഷ്യവസ്തുക്കൾ എത്തിക്കും. മുഖ്യമന്ത്രിയുടെ അഭ്യർഥനമാനിച്ച് ഒരുദിവസത്തെ ശമ്പളം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്യാൻ പഞ്ചാബ് െഎ.എ.എസ് ഒാഫിസേഴ്സ് അസോസിയേഷൻ തീരുമാനിച്ചു. മറ്റു സർക്കാർ ജീവനക്കാരോടും കേരളത്തെ സഹായിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്.
പണം ഉടൻ കേരളത്തിന് കൈമാറണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കുടിവെള്ളം ശുദ്ധീകരിക്കാൻ സഹായിക്കുന്ന ഉപകരണങ്ങളും നൽകും. ഇതിനായി രണ്ടര കോടി മാറ്റിവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
