'കള്ളന്മാരേ... മോട്ടോർ മോഷ്ടിക്കല്ലേ, പണം ഗൂഗിൾ പേ ചെയ്യാം': ക്യുആർ കോഡ് പോസ്റ്ററുമായി പഞ്ചാബിലെ കർഷകർ
text_fieldsചണ്ഡീഗഡ്: പാടശേഖരങ്ങളിൽ നിന്ന് ജലസേചന മോട്ടോറുകൾ തുടർച്ചയായി മോഷ്ടിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് വേറിട്ട സമരമാർഗ്ഗവുമായി പഞ്ചാബിലെ കർഷകർ. ഫരീദ്‌കോട്ട് ജില്ലയിലെ പഖി കലാൻ ഗ്രാമത്തിലെ കർഷകരാണ് പോലീസിന്റെ നിഷ്ക്രിയത്വത്തിൽ മനംമടുത്ത്, മോഷ്ടാക്കൾക്കായി ക്യുആർ കോഡ് സഹിതം പോസ്റ്റർ പതിപ്പിച്ചത്. മോട്ടോറുകൾ മോഷ്ടിച്ച് തങ്ങളെ ദ്രോഹിക്കുന്നതിന് പകരം, സ്കാനർ വഴി നേരിട്ട് പണം ചോദിച്ചു വാങ്ങിക്കൊള്ളാനാണ് കർഷകർ പോസ്റ്ററിലൂടെ കള്ളന്മാരോട് ആവശ്യപ്പെടുന്നത്. നിലവിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിട്ടുണ്ട്.
നെൽകൃഷി ആരംഭിച്ച സമയത്ത് ജലസേചനത്തിന് മോട്ടോറുകൾ അത്യന്താപേക്ഷിതമാണ്. മോട്ടോറുകൾ ഓരോ തവണ നഷ്ടപ്പെടുമ്പോഴും വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. ഈ നഷ്ടം സഹിക്കുന്നതിലും ഭേദം, ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്താതിരിക്കാൻ കള്ളന്മാർക്ക് നേരിട്ട് പണം നൽകാൻ തങ്ങൾ തയ്യാറാണെന്ന കർഷകരുടെ വാക്കുകൾ അവരുടെ കടുത്ത നിരാശയാണ് വ്യക്തമാക്കുന്നത്.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഗ്രാമവാസികൾ പറയുന്നു. രണ്ടോ മൂന്നോ മാസം മുൻപ് ഒറ്റ രാത്രികൊണ്ട് പ്രദേശത്തുനിന്ന് 15 മോട്ടോറുകളാണ് കള്ളന്മാർ കൊണ്ടുപോയത്. അന്ന് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ നൽകിയിട്ടും പോലീസ് പട്രോളിംഗ് ശക്തമാക്കുകയോ നടപടിയെടുക്കുകയോ ചെയ്തില്ല. ഇതോടെ കള്ളന്മാർക്ക് ഭയമില്ലാതായി. കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും 25 മോട്ടോറുകൾ കൂടി മോഷ്ടിക്കപ്പെട്ടതോടെയാണ് കർഷകരുടെ ക്ഷമ നശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ കർഷകർക്കുണ്ടായത്.
പലതവണ പോലീസ് സ്റ്റേഷൻ കയറിയിറങ്ങിയിട്ടും ഒരു ഫലവുമുണ്ടാകാത്തതിനാലാണ് ഇത്തരമൊരു പരിഹാസ രൂപേണയുള്ള പ്രതിഷേധത്തിന് കർഷകർ മുതിർന്നത്. സംസ്ഥാനത്തുടനീളം ക്രമസമാധാനം തകർന്നിരിക്കുകയാണെന്നും കർഷകരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പഞ്ചാബ് സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടുവെന്നും അവർ കുറ്റപ്പെടുത്തി.കൃഷി ലക്ഷ്യമിട്ട് വൻ തുക കടമെടുത്താണ് പലരും മോട്ടോറുകൾ വാങ്ങുന്നത്. അടിയന്തരമായി പോലീസ് ഇടപെട്ട് മോഷണ പരമ്പരയ്ക്ക് തടയിട്ടില്ലെങ്കിൽ കർഷക സമൂഹം കടുത്ത കടക്കെണിയിലാകുമെന്നും, വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും കർഷകർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

