Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

22 വിളകൾക്ക് താങ്ങുവില ആവശ്യപ്പെട്ട് ചണ്ഡിഗഢിൽ കർഷക സമരം

text_fields
bookmark_border
22 വിളകൾക്ക് താങ്ങുവില ആവശ്യപ്പെട്ട് ചണ്ഡിഗഢിൽ കർഷക സമരം
cancel

ചണ്ഡിഗഢ്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചാബിൽ നിന്നുള്ള കർഷകർ ചണ്ഡിഗഢ് അതിർത്തിയിൽ വീണ്ടും സമരം ശക്തമാക്കി. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്ന് മുതൽ ഏഴ് വരെ ഒരാഴ്ച നീളുന്ന ധർണക്കാണ് തുടക്കമായത്. എയർപോർട്ട് റോഡിന് സമീപം കർഷകർ പ്രതിഷേധം ആരംഭിച്ചതോടെ ചണ്ഡിഗഢ് പൊലീസ് സുരക്ഷാ, ഗതാഗത ക്രമീകരണങ്ങൾ ശക്തമാക്കി.

ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളിൽ സർക്കാർ നടപടിയെടുക്കാത്തതിനെ തുടർന്നാണ് പ്രതിഷേധം ശക്തമാക്കുന്നതെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു.) ലഖോവാൽ വിഭാഗം മുതിർന്ന നേതാവ് ഹരിന്ദർ സിങ് ലഖോവാൽ പറഞ്ഞു. 32 കർഷക സംഘടനകളുടെ കൂട്ടായ്മയാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവർണർ, മുഖ്യമന്ത്രി, എസ്.ഡി.എം., ജില്ലാ ഭരണകൂടം തുടങ്ങി വിവിധ അധികാരികൾക്ക് കർഷക സംഘടനകൾ നിരവധി തവണ നിവേദനം നൽകിയിട്ടും നാലര വർഷമായി ആവശ്യങ്ങളിൽ കാര്യമായ നടപടിയുണ്ടായിട്ടില്ലെന്നാണ് ലഖോവാലയുടെ ആരോപണം.

പഞ്ചാബിന്റെ ജലാവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്ന് ലഖോവാല ആവശ്യപ്പെട്ടു. പഴയ ജലകരാറുകൾ റദ്ദാക്കണമെന്ന് നിയമസഭയിൽ പ്രമേയം പാസാക്കി കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ജലവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യമാണെന്ന നിലപാട് സ്വീകരിക്കുന്നതിന് പകരം സംസ്ഥാന സർക്കാർ നിയമസഭയിൽ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

22 വിളകൾക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കുറഞ്ഞ താങ്ങുവിലക്ക് (എം.എസ്.പി.) നിയമപരമായ ഉറപ്പ് നൽകണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. വൻതുക വരുന്ന കോർപ്പറേറ്റ് വായ്പകൾ എഴുതിത്തള്ളാൻ കഴിയുമെങ്കിൽ കർഷകരുടെ കടബാധ്യതയിലും സമാനമായ പരിഗണന നൽകണമെന്ന് ലഖോവാല ആവശ്യപ്പെട്ടു. കർഷകർക്ക് ഫലപ്രദമായ വിള ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വതന്ത്ര വ്യാപാര കരാറിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ കർഷക സംഘടനകൾ തയ്യാറാണെന്നും ലഖോവാല പറഞ്ഞു. വിവിധയിടങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ ഇതിനകം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ദീർഘകാലമായി പരിഹരിക്കപ്പെടാതെ കിടക്കുന്ന ആവശ്യങ്ങളിൽ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Punjab Farmers Demand MSP Guarantee
Next Story