മന്ത്രിയോട് ലഹരിവിൽപനയെക്കുറിച്ച് പരാതി; പിന്നാലെ 50കാരൻ ജീവനൊടുക്കി, പഞ്ചാബിൽ വിവാദം
text_fieldsഗുൽസാർ സിങ്
ന്യൂഡൽഹി: ലഹരി വിൽപനയെക്കുറിച്ച് പഞ്ചാബ് ധനമന്ത്രി ഹർപാൽ സിങ് ചീമയോട് പരാതി ഉന്നയിച്ചതിന് പിന്നാലെ 50കാരൻ ജീവനൊടുക്കിയ സംഭവത്തിൽ രാഷ്ട്രീയ വിവാദം. സംഗ്റൂർ ജില്ലയിലെ തുർ ബൻജാര സ്വദേശിയായ ഗുൽസാർ സിങ്ങാണ് വിഷം കഴിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ ആം ആദ്മി പാർട്ടി സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.
അടുത്തിടെ ഗ്രാമത്തിൽ നടന്ന വികസനപരിപാടിക്കിടെയാണ് ഗുൽസാർ മന്ത്രിയെ കണ്ടത്. ഗ്രാമത്തിൽ ലഹരിമരുന്നുകൾ പരസ്യമായി വിൽക്കുന്നുണ്ടെന്നും തന്റെ മകൻ 'ചിട്ട'ക്ക് അടിമയാണെന്നും അദ്ദേഹം മന്ത്രിയോട് പരാതിപ്പെട്ടതായാണ് റിപ്പോർട്ട്. പഞ്ചാബിൽ ഹെറോയിന് ഉപയോഗിക്കുന്ന പേരാണ് ‘ചിട്ട’.
പരാതി ഉന്നയിച്ചതിന് പിന്നാലെ പഞ്ചായത്ത് അംഗങ്ങളിൽ ചിലർ ഗുൽസാറിനോട് മാപ്പുപറയാൻ ആവശ്യപ്പെട്ടെന്നും ഇതിൽ മനംനൊന്താണ് വിഷം കഴിച്ചതെന്നും നാട്ടുകാരും കുടുംബവും ആരോപിച്ചു. സംഗ്റൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് പട്യാലയിലെ രാജീന്ദ്ര ആശുപത്രിയിലേക്കും തുടർന്ന് ലുധിയാനയിലെ ഡിഎംസി ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സക്കിടെ പൊലീസ് ഗുൽസാറിന്റെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുത്തു.
മരിക്കുന്നതിന് മുമ്പ് മന്ത്രി ഹർപാൽ സിങ്ങിനും ഗ്രാമ സർപഞ്ചിനുമെതിരെ ഗുൽസാർ ആരോപണം ഉന്നയിച്ചതായാണ് റിപ്പോർട്ട്. ലഹരിവിൽപനയെക്കുറിച്ച് മന്ത്രിയോട് ചോദിച്ചതിന് പിന്നാലെ മാപ്പുപറയാൻ സമ്മർദം ചെലുത്തിയെന്നും അദ്ദേഹം പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
എന്നാൽ ആരോപണങ്ങൾ സർപഞ്ചിന്റെ ഭാഗം നിഷേധിച്ചിട്ടുണ്ട്. സർപഞ്ച് ബൽജീന്ദർ കൗർ സിദ്ദുവിന്റെ ഭർത്താവ് ബൽജീത് സിങ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഗുൽസാർ ലഹരിവിഷയം ഉന്നയിച്ചതിന് പിന്നാലെ മന്ത്രി ഹർപാൽ സിങ്ങും പഞ്ചായത്ത് അംഗങ്ങളും അദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ലഹരിക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുനൽകുകയും ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. ഗുൽസാറിനെ ഭീഷണിപ്പെടുത്തുകയോ വാക്കുതർക്കമുണ്ടാകുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സർപഞ്ചിനും മറ്റ് ചിലർക്കുമെതിരെ ആത്മഹത്യാ പ്രേരണയും പീഡനവും സംബന്ധിച്ച വകുപ്പുകൾ ചുമത്തിയതായി റിപ്പോർട്ടുകളുണ്ട്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടിയെന്ന് പൊലീസ് അറിയിച്ചു.
ഇതോടെ പഞ്ചാബിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളെച്ചൊല്ലിയുള്ള രാഷ്ട്രീയ പോരാട്ടം വീണ്ടും ശക്തമായിരിക്കുകയാണ്. സംഭവത്തിൽ കോൺഗ്രസ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. സർക്കാരിന്റെ നടപടികളെ ചോദ്യം ചെയ്ത് ശിരോമണി അകാലിദളും രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി നേതാവ് രവ്നീത് സിങ് ബിട്ടു മന്ത്രി ഹർപാൽ സിങ് ചീമക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

