‘ഞാനൊരിക്കലും മോനെ തല്ലിയിട്ടില്ല, മോനെന്നും മോനല്ലേ, എല്ലാ തെറ്റും ഞാൻ പൊറുത്തു’; മകന്റെ മരണത്തിൽ കുറ്റാരോപിതനായ പഞ്ചാബ് ഡി.ജി.പിക്ക് ഒരുപാട് പറയാനുണ്ട്
text_fieldsഛണ്ഡിഗഡ്: ഒരേയൊരു മകനായിരുന്നു മുൻ പഞ്ചാബ് ഡി.ജി.പി മുഹമ്മദ് മുസ്തഫക്ക് ഉണ്ടായിരുന്നത്. ഭാര്യ റസിയ സുൽത്താൻ മുൻ മന്ത്രിയും. സൗഭാഗ്യങ്ങളുടെ നടുവിൽനിന്ന് ആ ദമ്പതികളുടെ ജീവിതം തീരാനൊമ്പരത്തിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു. അഖീൽ അഹ്മദെന്ന ഏകമകനെ സ്നേഹം വാരിക്കോരിക്കൊടുത്താണ് അവർ വളർത്തിയത്. ഒടുവിൽ ഇക്കഴിഞ്ഞ 16-ാം തീയതി 37കാരനായ അഖീലിനെ പഞ്ച്കുളയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഒടുവിൽ മകന്റെ മരണത്തിൽ കൊലപാതകത്തിനും ക്രിമിനൽ ഗൂഢാലോചനക്കും മുസ്തഫക്കും ഭാര്യക്കും മരുമകൾക്കുമെതിരെ കേസെടുത്തിരിക്കുകയാണ്. മരിക്കുംമുമ്പ് മാതാപിതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് അഖീൽ പുറത്തുവിട്ട വിഡിയോയാണ് വിവാദമായത്.
മകന്റെ ദുരൂഹ മരണത്തെത്തുടർന്ന് തനിക്കെതിരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങളിൽ മൗനം വെടിഞ്ഞ് മുഹമ്മദ് മുസ്തഫ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 18 വർഷമായി മകൻ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും, അതേതുടർന്നുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും മുസ്തഫ പറഞ്ഞു. ഇത് വീട്ടിൽ തീവെപ്പും അക്രമവും ഉൾപ്പെടെയുള്ള സംഭവങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഒക്ടോബർ 16ന് രാത്രി പഞ്ച്കുളയിലെ വസതിയിൽ വെച്ചാണ് മുസ്തഫയുടെ ഏകമകൻ അഖീൽ അക്തർ മരിച്ചത്. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതാണ് മരണകാരണം എന്നായിരുന്നു കുടുംബത്തിന്റെ പ്രാഥമിക വിശദീകരണം. എന്നാൽ, മരണവുമായി ബന്ധപ്പെട്ട് മുസ്തഫ, ഭാര്യ റസിയ സുൽത്താന, മകൾ, മരുമകൾ എന്നിവർക്കെതിരെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
മരണം നടന്നതിന് പിന്നാലെ പുറത്തുവന്ന ഒരു വിഡിയോ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ വിഡിയോയിൽ, പിതാവും തന്റെ ഭാര്യയും തമ്മിൽ ‘അവിഹിത ബന്ധം’ ഉണ്ടെന്ന് വരെ അഖീൽ ആരോപിച്ചിരുന്നു. കൂടാതെ, താൻ മാനസിക പീഡനത്തിനും നിർബന്ധിത ലഹരി വിമുക്ത ചികിത്സക്കും ശാരീരിക പീഡനത്തിനും ഇരയായെന്നും അഖീൽ ആരോപിച്ചിരുന്നു.
മകന്റെ മരണത്തെത്തുടർന്ന് ദിവസത്തോളം കടുത്ത ദുഃഖത്തിലായിരുന്നതിനാൽ ഇതുവരെ ആരുടെയും ഫോൺ കോളുകൾക്ക് മറുപടി നൽകിയിരുന്നില്ലെന്ന് മുസ്തഫ പറഞ്ഞു. "മകനെ നഷ്ടപ്പെടുന്നതിന്റെ വേദന ഒരു കുടുംബത്തിന് മാത്രമേ മനസ്സിലാകൂ. ധാർമികത തീരെയില്ലാത്ത ചിലർ എന്റെ മകന്റെ മൃതദേഹത്തിലും എന്റെ മുറിവുകളിലും ഉപ്പ് തേക്കുകയാണ്’ അദ്ദേഹം പ്രതികരിച്ചു. തനിക്കെതിരെയും കുടുംബാംഗങ്ങൾക്കെതിരെയും ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളെയും അദ്ദേഹം നിഷേധിച്ചു.
‘ലഹരി വല ഒന്ന് അടച്ചാൽ അടുത്തത് തുറക്കും’
മകന്റെ 18 വർഷം പഴക്കമുള്ള ലഹരി ഉപയോഗത്തെക്കുറിച്ചും മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും മുൻ ഡി.ജി.പി. വിശദീകരിച്ചു. 2006ൽ ബോയ്‌സ് സ്കൂളിൽ പഠിക്കവേയാണ് മകൻ ആദ്യം ലഹരി ഉപയോഗിച്ച് തുടങ്ങുന്നത്. പിന്നീട് അത് ഹെറോയിനിലേക്കും മറ്റ് രാസലഹരിയിലേക്കും വഴിമാറി. 2024-ന്റെ തുടക്കത്തിൽ ആരോ നൽകിയ 'ഐസ്' എന്ന ലഹരിവസ്തു ഉപയോഗിച്ചത് മകന്റെ മാനസികനില കൂടുതൽ വഷളാക്കുകയും 'സൈക്കോസിസ്' എന്ന രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്തു. ഈ അവസ്ഥയിൽ വ്യക്തി ഇല്ലാത്ത കാര്യങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്യുകയും ബോധം നഷ്ടപ്പെടുകയും ചെയ്യും.
മകന് ലഹരി എത്തിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്താനും തടയാനും കഴിഞ്ഞ 18 വർഷത്തിനിടെ താൻ പഞ്ചാബ് പൊലീസിലെ നിരവധി ഉദ്യോഗസ്ഥരുമായും ഡി.ജി.പി.യുമായും ബന്ധപ്പെട്ടിരുന്നുവെന്ന് മുസ്തഫ വെളിപ്പെടുത്തി. എന്നാൽ, ഒരു ഉറവിടം കണ്ടെത്തുമ്പോഴേക്കും പുതിയൊന്ന് രംഗത്തുവരുമായിരുന്നു. മകന് ലഹരി ലഭിക്കുന്നത് പൂർണമായും തടയാൻ തനിക്ക് സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഡിയോയിൽ പറയുന്നതിനേക്കാൾ ഭീകരമായിരുന്നു വീട്ടിലെ അവസ്ഥ
മകൻ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത രണ്ട് വിഡിയോകളിലും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നതെന്ന് മുസ്തഫ പറഞ്ഞു. ഇതിലും ഭീകരമായ സംഭവങ്ങൾ വീട്ടിൽ ദിവസേന നടന്നിരുന്നു. ഒരിക്കൽ മകൻ മുറി തീയിട്ട് പൂർണ്ണമായും കത്തിച്ചു. 2019 ജനുവരി 19ന് മദ്യലഹരിയിൽ ഭാര്യയെ ബാത്ത്റൂമിൽ പൂട്ടിയിട്ടു. അന്ന് തന്റെ സ്റ്റാഫ് ഇടപെട്ടാണ് മകനെ നിയന്ത്രിച്ചത്. 2008ൽ മദ്യപിച്ചെത്തിയ മകൻ മാതാവിനെ ചവിട്ടി വീഴ്ത്തി. ഇതേത്തുടർന്ന് പരിക്കേറ്റ ഉമ്മ, തെന്നി വീണതാണെന്ന് നാട്ടുകാരോട് കളവ് പറയേണ്ടി വന്നു. എന്നിട്ടും ‘മോനെന്നും മോനല്ലേ, എല്ലാ തെറ്റും പൊറുക്കാം’ എന്ന ചിന്തയിൽ അവനെ ശിക്ഷിച്ചിരുന്നില്ലെന്നും മുസ്തഫ വികാരാധീനനായി പറഞ്ഞു.
‘മകന്റെ ആരോപണങ്ങളെല്ലാം അബോധാവസ്ഥയിൽ, ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു’
തൻറെ ഭാര്യ, മകൾ, മരുമകൾ എന്നിവർക്കെതിരെ മകൻ വിഡിയോയിൽ പറഞ്ഞ എല്ലാ ഗുരുതരമായ ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്ന് മുസ്തഫ പറഞ്ഞു. വീട്ടിൽ വേശ്യാലയം നടത്തുകയാണെന്ന് വരെ അവൻ 'സൈക്കോട്ടിക് അവസ്ഥയിൽ' പറഞ്ഞു വെച്ചു. തനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെയും എസ്.ഐ.ടി അന്വേഷണത്തെയും അദ്ദേഹം പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്തു. സത്യം പുറത്തുകൊണ്ടുവരാൻ ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

