അടിയടങ്ങാതെ പഞ്ചാബ് കോൺഗ്രസ്; അമരീന്ദർ സിങ്ങിനെതിരെ പടനീക്കവുമായി നാലു മന്ത്രിമാർ
text_fieldsചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെതിരെ പടനീക്കവുമായി നാലു മന്ത്രിമാരും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമടങ്ങുന്ന സംഘം രംഗത്ത്. ഇവർ ഹൈകമാൻഡുമായി ചർച്ച നടത്താൻ നീക്കം തുടങ്ങി. 2017ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും അമരീന്ദറിെൻറ കീഴിൽ അവ പാലിക്കാൻ കഴിയുമെന്ന പ്രതീക്ഷയില്ലെന്നുമാണ് സംഘത്തിെൻറ വിമർശനം.
നിരവധി ഭരണകക്ഷി എം.എൽ.എമാരും തെരഞ്ഞെടുപ്പ് വാഗ്ദാനലംഘനം ചൂണ്ടിക്കാട്ടി രംഗത്തുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ലെന്ന് ഉറപ്പുള്ളതിനാലാണ് ഹൈകമാൻഡിനെ സമീപിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി ചരൺജിത്ത് സിങ് ചന്നി പറഞ്ഞു. നിരവധി എം.എൽ.എമാർ ഒത്തുകൂടിയ ശേഷമാണ് ഹൈകമാൻഡിനെ കാണാൻ ധാരണയായത്.
നവജ്യോത് സിങ് സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനാക്കി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നീക്കം ഫലിച്ചില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇത് പഞ്ചാബ് കോൺഗ്രസിനെ കൂടുതൽ അപകടസന്ധിയിലാക്കും.

