‘ഇന്ത്യയിൽ ഏതെങ്കിലും മുഖ്യമന്ത്രിക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ?’ -ഭഗവന്ത് മാനിനെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് പിഴ ഈടാക്കിയതിൽ പൊട്ടിത്തെറിച്ച് ആം ആദ്മി പാർട്ടി
text_fieldsഭഗവന്ത് മാൻ
ന്യൂഡൽഹി: പഞ്ചാബിന്റെ പുരോഗതി തടസ്സപ്പെടുത്താൻ കേന്ദ്രസർക്കാർ ബോധപൂർവം ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തി ആം ആദ്മി പാർട്ടി (എ.എ.പി). പാരീസിൽ നിന്ന് മടങ്ങിയെത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെ ഡൽഹി വിമാനത്താവളത്തിൽ മൂന്ന് മണിക്കൂറോളം തടഞ്ഞുവെച്ചതായും 50,000 രൂപ പിഴ ഈടാക്കിയതായും പാർട്ടി ആരോപിച്ചു.
മുകളിൽ നിന്നുള്ള കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് നടപടിയെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ, എന്ത് കാരണത്താലാണ് മുഖ്യമന്ത്രിയെ തടഞ്ഞുവെച്ചതെന്നോ പിഴ ഈടാക്കിയതെന്നോ പാർട്ടി വ്യക്തമാക്കിയിട്ടില്ല.
പഞ്ചാബ് ഹൈകോടതി ഉത്തരവിനെ തുടർന്നാണ് ഭഗവന്ത് മാൻ പാരീസിലേക്ക് യാത്ര തിരിച്ചതെന്നും, എന്നാൽ കേന്ദ്രസർക്കാർ വീണ്ടും തങ്ങളുടെ സങ്കുചിത മനസ്സ് പ്രകടമാക്കുകയാണ് ചെയ്തതെന്നും പഞ്ചാബ് എ.എ.പി മീഡിയ ഇൻ-ചാർജ് ബൽതേജ് പന്നു ആരോപിച്ചു.
ലോകത്തിലെ രണ്ടാമത്തെ വലിയ ഭക്ഷ്യമേളയിൽ പഞ്ചാബിന്റെ തനത് ഉൽപന്നങ്ങൾ അവതരിപ്പിക്കാനാണ് അദ്ദേഹം പാരീസിലേക്ക് പോയത്. മുഖ്യമന്ത്രിക്ക് അർഹമായ പ്രോട്ടോക്കോൾ നൽകണമെന്ന് ഹൈകോടതി വ്യക്തമായി നിർദേശിച്ചിരുന്നെങ്കിലും പാരീസിലെ ഇന്ത്യൻ കോൺസൽ ജനറൽ പോലും മുഖ്യമന്ത്രിയെ കാണാൻ എത്തിയില്ലെന്നും പന്നു കുറ്റപ്പെടുത്തി.
കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ അപമാനിക്കൽ അവിടെയും തീർന്നില്ല. പാരീസിൽ നിന്ന് മടങ്ങിയെത്തി ഡൽഹി വിമാനത്താവളത്തിൽ എത്തിയ മാന് കനത്ത അവഗണനയാണ് നേരിടേണ്ടി വന്നത്. നിങ്ങളുടെ ലഗേജ് വരുന്നുണ്ട്, ലഗേജ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്... തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് അദ്ദേഹത്തെ മൂന്ന് മണിക്കൂറോളം ബോധപൂർവം തടഞ്ഞുവെച്ചത്. ഇത് പഞ്ചാബിനെ അപമാനിക്കുന്നതിന് തുല്യമാണ് -അദ്ദേഹം പറഞ്ഞു.
മൂന്ന് മണിക്കൂറിന് ശേഷം പുറത്തിറങ്ങാൻ അനുവാദം ലഭിക്കുകയും, ലഗേജ് വാഹനത്തിൽ കയറ്റാൻ തുടങ്ങുകയും ചെയ്തപ്പോൾ ഉദ്യോഗസ്ഥർ ഓടിയെത്തിയാണ് തങ്ങൾക്ക് ‘മുകളിൽ നിന്ന് കടുത്ത സമ്മർദ്ദമുണ്ടെന്ന്’ പറഞ്ഞത്. തുടർന്ന് 50,000 രൂപ പിഴയും ഈടാക്കി. ഉദ്യോഗസ്ഥർ തന്നെ ഇക്കാര്യം സമ്മതിച്ചത്, ഈ സംഭവത്തിന് പിന്നിൽ ഉന്നതരുടെ നിർദേശമുണ്ടെന്ന് വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ഇതുപോലെ വിമാനത്താവളത്തിൽ മൂന്ന് മണിക്കൂർ തടഞ്ഞുവെച്ചിട്ടുണ്ടോ? 50,000 രൂപ പിഴ ഈടാക്കി ഏതെങ്കിലും മുഖ്യമന്ത്രിയെ അപമാനിച്ചിട്ടുണ്ടോ? ഭഗവന്ത് മാൻ ഒരു പഞ്ചാബിയാണ് എന്നതുകൊണ്ടും, പഞ്ചാബിന്റെ മുഖ്യമന്ത്രിയായി രാപ്പകലില്ലാതെ പ്രവർത്തിക്കുന്നു എന്നതുകൊണ്ടുമാണ് ഇതെല്ലാം സംഭവിക്കുന്നത് -എ.എ.പി നേതാവ് ആരോപിച്ചു.
പഞ്ചാബിനെയും പഞ്ചാബിന്റെ ഐഡന്റിറ്റിയെയും ഇല്ലാതാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സർക്കാറും ഒരു അവസരവും പാഴാക്കുന്നില്ല. കർഷകരെ ഒന്നര വർഷത്തോളം ഡൽഹി അതിർത്തിയിൽ തടഞ്ഞുവെച്ചതും പഞ്ചാബിന് അർഹമായ ഫണ്ട് നൽകാതെ തടഞ്ഞുവെച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ പഞ്ചാബിനെ എല്ലാ തലത്തിലും ശ്വാസംമുട്ടിക്കാൻ ശ്രമിക്കുകയാണെന്നും ബൽതേജ് പന്നു ആരോപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

