ഹോശിയാർപുർ (പഞ്ചാബ്): തെരുവുനായയെ കണ്ട് ഭയന്നോടുന്നതിനിടെ 100 അടി താഴ്ചയുള്ള കുഴൽ കിണറിലേക്ക് വീണ ആറു വയസ്സുകാരൻ മരിച്ചു. പഞ്ചബിലെ ബൈറാംപുർ ഖൈല ബുലന്ദ ഗ്രാമത്തിലാണ് സംഭവം.
ഒമ്പതു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്തെങ്കിലും ആശുപത്രിയിൽ മരിച്ചു. വയലിൽ കളിക്കുന്നതിനിടയിലാണ് റിതിക് റോഷൻ എന്ന ബാലനെ തെരുവു നായ്ക്കൾ ആക്രമിക്കാൻ വന്നത്. ഭയന്നോടിയ കുട്ടി ചണച്ചാക്ക് കൊണ്ട് മൂടിയിട്ട കുഴൽക്കിണറ്റിലേക്ക് വീഴുകയായിരുന്നു.
കുടിയേറ്റ തൊഴിലാളികളുടെ മകനാണ് റിതിക്. ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ ദേശീയ ദുരന്ത നിവാരണ സേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്.