പഞ്ചാബിൽ എ.എ.പി നേതാവിനെ വെടിവെച്ച് കൊന്നു; തെരഞ്ഞെടുപ്പ് വൈരാഗ്യമെന്ന് സംശയം
text_fieldsഫിറോസ്പൂർ: പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവ് ഗുരുപ്രീത് സിങ് ഗോപിയെ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തി. ഫിറോസ്പൂർ ജില്ലയിലെ മംദോട്ട് നഗരത്തിൽ ശനിയാഴ്ചയാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഗുരുപ്രീത് സിങ് ഗോപിയെയും ഒപ്പമുണ്ടായിരുന്ന ഹർപ്രീതിനെയും കാറിലെത്തിയ ആയുധധാരികൾ പിന്തുടർന്ന് വെടിയുതിർക്കുകയായിരുന്നു.
ഗുരുപ്രീത് സിങ് ഗോപിയുടെ ചില സുഹൃത്തുക്കൾ മറ്റൊരു കാറിൽ ഇവരെ പിന്തുടർന്നിരുന്നു. ആ വാഹനത്തിന് നേരെയും ആക്രമികൾ വെടിയുതിർത്തതായി പൊലീസ് അറിയിച്ചു. ആക്രമണത്തിൽ ഹർപ്രീതിനും പരിക്കേറ്റതായാണ് വിവരം. വെടിയേറ്റയുടൻ ഗുരുപ്രീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.
രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പഴയ തർക്കവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വൈരാഗ്യവും കൊലപാതകത്തിന് കാരണമാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. അക്രമികളെ തിരിച്ചറിഞ്ഞതായി ഫിറോസ്പൂർ സീനിയർ പൊലീസ് സൂപ്രണ്ട് ഭൂപീന്ദർ സിങ് സിദ്ദു അറിയിച്ചു. പ്രധാന പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ആപ് നേതാവിന്റെ കൊലപാതകത്തിലെ പ്രതികളെ പിടികൂടുന്നതിനായി വിവിധ പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. നിരവധി സ്ഥലങ്ങളിൽ പരിശോധനകളും റെയ്ഡുകളും നടക്കുന്നതായി പൊലീസ് അറിയിച്ചു. ആക്രമികൾ സഞ്ചരിച്ച കാറിന്റെ വിവരങ്ങൾ, സംഭവ സ്ഥലത്തെ തെളിവുകൾ, സാക്ഷികളുടെ മൊഴികൾ എന്നിവയും അന്വേഷണത്തിന്റെ ഭാഗമാകും. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

