മദ്യപൻ ചായക്കടയിലേക്ക് കാർ ഇടിച്ചുകയറ്റി; വിദ്യാർഥികളടക്കം 12 പേർക്ക് ഗുരുതര പരിക്ക്
text_fieldsപുണെ: മദ്യപിച്ച് ചായക്കടയിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടാക്കിയ അപകടത്തിൽ വിദ്യാർത്ഥികളടക്കം 12 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുണെയിലെ സദാശിവ്പേട്ടിൽ ശനിയാഴ്ച വൈകുന്നേരമാണ് അപകടം. കഴിഞ്ഞ വർഷം മെയിൽ പുണെയിൽ നടന്ന കുപ്രസിദ്ധമായ പോർഷെ അപകടത്തിന് ശേഷം മദ്യപിച്ച് വാഹനമോടിച്ചുണ്ടാക്കിയ രണ്ടാമത്തെ അപകടമാണിത്.
മഹാരാഷ്ട്ര പബ്ലിക് സർവിസ് കമീഷൻ പരീക്ഷ എഴുതുന്ന ഏതാനും വിദ്യാർത്ഥികൾ ഭാവെ സ്കൂളിന് സമീപമുള്ള ഒരു ചായക്കടക്ക് ചുറ്റും കൂടിയിരിക്കവെ കാർ അവരെ ഇടിച്ചു തെറിപ്പിച്ചതായി വിശ്രാംബാഗ് പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ വിജയമാല പവാർ സംഭവം വിവരിച്ചു. കാർ നിരവധി വാഹനങ്ങളെയും കാൽനടയാത്രക്കാരെയും ഇടിച്ചുതെറിപ്പിച്ച ശേഷം ചായക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതിൽ ഒരു പെൺകുട്ടിക്കും മറ്റ് നാല് പേർക്കും കാലിനാണ് ഗുരുതര പരിക്ക്.
എല്ലാവരെയും ഉടൻ ആശുപത്രികളിൽ എത്തിച്ചതായി പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവസമയത്ത് വാഹനത്തിൽ ഒരു സഹയാത്രികനും ഉണ്ടായിരുന്നു. ഡ്രൈവറെയും യാത്രക്കാരനെയും കസ്റ്റഡിയിലെടുത്തു. വിശ്രംബാഗ് പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തു.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായി. ‘എന്റേത് ഉൾപ്പെടെ എല്ലാ പുണെക്കാരുടെയും ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്ന പൊതു ഉത്തരവ് പാസാക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. ആദ്യം നമുക്ക് ഒരു മാനസിക പരിശോധനയും കർശനമായ കർശനമായ ഡ്രൈവിംഗ് പരിശോധനയും നടത്താം. തുടർന്ന് പുതിയ ലൈസൻസ് നൽകാം’- വിഡിയോ പങ്കിട്ടുകൊണ്ട് ഒരു ഉപയോക്താവ് എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

