ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് വർഗീയ പരാമർശം; നിയമവിദ്യാർഥി അറസ്റ്റിൽ
text_fieldsശർമിഷ്ത
കൊൽക്കത്ത: ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് അസഭ്യം നിറഞ്ഞതും വർഗീയവിദ്വേഷമുണ്ടാക്കുന്നതുമായ പരാമർശം നടത്തിയതിന് നിയമവിദ്യാർഥിയെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. പുണെ സ്വദേശിയായ ശർമിഷ്ത പനോളിയെയാണ് (22) വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശർമിഷ്തയെ ജൂൺ 13 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
ഒരു മതവിഭാഗത്തെ ലക്ഷ്യംവെച്ചുള്ള അസഭ്യം നിറഞ്ഞതും അപമാനകരവുമായ പരാമർശമാണ് ശർമിഷ്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വിഡിയോ വൈറലായതോടെ ഇവർക്കെതിരെ നടപടിയെടുക്കണമെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് കൊൽക്കത്ത പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇന്ന് ആലിപൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.
മതവികാരം മുറിപ്പെടുത്തുന്ന പരാമർശങ്ങളോടെയുള്ള വിഡിയോ ശർമിഷ്ത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിന് പിന്നാലെ യുവതിയും കുടുംബവും ഒളിവിലായിരുന്നു. കോടതി വാറന്‍റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ശർമിഷ്തയെ ഗുരുഗ്രാമിൽ നിന്ന് അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു.
പരാമർശങ്ങൾ വിവാദമായതിന് പിന്നാലെ ശർമിഷ്ത വിഡിയോ ഡിലീറ്റ് ചെയ്യുകയും നിരുപാധികം മാപ്പ് പറയുകയും ചെയ്തിരുന്നു. 'ഞാൻ നിരുപാധികം ക്ഷമ ചോദിക്കുന്നു. പറഞ്ഞ കാര്യങ്ങൾ എന്റെ വ്യക്തിപരമായ വികാരങ്ങളാണ്, ആരെയും വേദനിപ്പിക്കാൻ ഞാൻ മനഃപൂർവ്വം ആഗ്രഹിച്ചിട്ടില്ല. ആർക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കിൽ അതിൽ ഞാൻ ഖേദിക്കുന്നു. എന്നെ മനസ്സിലാക്കുമെന്നും സഹകരണമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇനി മുതൽ, എന്റെപോസ്റ്റുകളിൽ ഞാൻ ജാഗ്രത പാലിക്കും. എന്റെ ക്ഷമാപണം സ്വീകരിക്കണമെന്ന് വീണ്ടും അഭ്യർഥിക്കുന്നു' -ശർമിഷ്ത പോസ്റ്റിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

