പൂനെയിലെ കാറപകടം: കുറ്റം ഏറ്റെടുക്കാൻ കുട്ടിയുടെ കുടുംബം സമ്മർദം ചെലുത്തിയതായി ഡ്രൈവർ
text_fieldsമുംബൈ: പൂനെയിൽ കൗമാരക്കാൻ ഓടിച്ച കാറിടിച്ച് രണ്ട് പേർ മരണപ്പെട്ട സംഭവത്തിൽ കുറ്റം ഏറ്റെടുക്കാൻ ഡ്രൈവറിന് മേൽ കുട്ടിയുടെ കുടുംബം സമ്മർദ്ദം ചെലുത്തിയതായി റിപ്പോർട്ട്. കുട്ടിയുടെ കുടുംബം ഡ്രൈവറായ ഗംഗാധറിനെ കുറ്റം ഏറ്റെടുക്കാൻ ഭീഷണിപ്പെടുത്തിയെന്നും പണവും സമ്മാനങ്ങളും വാഗ്ദാനം ചെയ്തെന്നും പൂനെ പൊലീസ് കമീഷണർ അമിതേഷ് കുമാർ പറഞ്ഞു.
ഡ്രൈവർ നൽകിയ മൊഴിയിൽ ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ട്. അപകടത്തിന് ശേഷം പുലർച്ചെ 2.45 ഓടെ കുട്ടിയുടെ അച്ഛൻ ഗംഗാധറിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. അപകടം നടക്കുമ്പോൾ കാറോടിച്ചത് താനാണെന്ന് മൊഴി നൽകണമെന്നായിരുന്നു പിതാവിന്റെ ആവശ്യം. കുട്ടിയുടെ അമ്മയും സമാന ആവശ്യം ഉന്നയിച്ചിരുന്നുവെന്നും ഗംഗാധർ പൊലീസിനോട് പറഞ്ഞു.
ഗംഗാധറിന്റെ പരാതിയെത്തുടർന്ന് കൗമാരക്കാരന്റെ പിതാവ് വിശാൽ അഗർവാളിനെയും മുത്തച്ഛൻ സുരേന്ദ്ര അഗർവാൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗംഗാധറിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. കോടതിയിൽ സുരേന്ദ്ര അഗർവാളിന്റെ ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ചും പൊലീസ് വ്യക്തമാക്കിയിരുന്നു. അപകടവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ചൊവ്വാഴ്ചയാണ് കുട്ടിയുടെ അച്ഛൻ വിശാൽ അഗര്ഡവാൾ അറസ്റ്റിലായത്. ജാമ്യാപേക്ഷ റദ്ദാക്കിയതിനെത്തുടർന്ന് കൗമാരക്കാൻ നിലവിൽ യെരവാഡയിലെ സർക്കാർ ഒബ്സർവേറ്ററി ഹോമിലാണ്.
മെയ് 19നായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യപിച്ച് അമിത വേഗത്തിൽ കൗമാരക്കാൻ ഓടിച്ചിരുന്ന കാർ രണ്ട് സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇരുവരും തത്ക്ഷണം മരിച്ചു. സംഭവത്തിന് പിന്നാലെ കൗമാരക്കാരനെയും സുഹൃത്തുക്കളെയും ഡ്രൈവറെയും പൊലീസ് കസ്റ്റലഡിയിലെടുത്തിരുന്നു. ആദ്യം താനാണ് വണ്ടിയോടിച്ചതെന്ന് ഗംഗാധർ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ ഇതിൽ സംശയം തോന്നിയതോടെയാണ് കൗമാരക്കാരനെതിരെ കേസെടുത്തത്.
ഇതിന് പിന്നാലെ വിശാലും സുരേന്ദ്ര അഗർവാളും ചേർന്ന് ഗംഗാധറിനെ കാറിൽ കയറ്റി വഡ്ഗാവ്ശേരിയിലെ ബംഗ്ലാവിലെത്തിച്ചു. ഇവിടെ വെച്ച് സംഘം ഗംഗാധറിന്റെ ഫോൺ തട്ടിയെടുക്കുകയും ബന്ധിയാക്കുകയുമായിരുന്നു. അടുത്ത ദിവസം ഗംഗാധറിനെ അന്വേഷിച്ച് ഭാര്യ എത്തിയെങ്കിലും കാണാൻ സംഘം അനുവദിച്ചില്ല. യുവതിക്ക് വിവിധ വാഗ്ധാനങ്ങൾ നൽകുകയും കുറ്റം ഏറ്റെടുക്കാൻ ഗംഗാധറിനെ കൊണ്ട് സമ്മതിപ്പിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. ഇതും പരാജയപ്പെട്ടതോടെ വ്യാഴാഴ്ചയാണ് ഇയാളെ സംഘം വിട്ടയച്ചത്. ഇതിന് പിന്നാലെ ക്രൈം ബ്രാഞ്ച് ഗംഗാധറിനെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കുട്ടിയുടെ കുടുംബത്തിന്റെ ക്രിമിനൽ പശ്ചാത്തലം കണക്കിലെടുത്ത് ഗംഗാധറിന് സാക്ഷി സംരക്ഷണ നിയമം പ്രകാരം സംരക്ഷണം ഒരുക്കിയതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

