Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ പാകിസ്താനിൽ അജ്ഞാതർ വെടിവെച്ചു കൊന്നു

text_fields
bookmark_border
പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ പാകിസ്താനിൽ അജ്ഞാതർ വെടിവെച്ചു കൊന്നു
cancel

ഇസ്ലാമാബാദ്: ഇന്ത്യ തിരയുന്ന ഭീകരനും പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളുമായ ഹംസ ബുർഹാനെ പാകിസ്താനിൽ അജ്ഞാത തോക്കുധാരികൾ വെടിവെച്ചു കൊന്നതായി റിപ്പോർട്ട്. അക്രമികൾ ഹംസ ബുർഹാന് നേരെ വെടിയുതിർക്കുകയായിരുന്നു. ശരീരത്തിൽ ഒന്നിലധികം വെടിയേറ്റ ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം.

പാകിസ്താൻ അധിനിവേശ കശ്മീരിലെ മുസാഫറാബാദിലാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തിന് പിന്നിൽ ആരാണെന്നതിനെക്കുറിച്ചോ, കൊലപാതകത്തിന്റെ കാരണത്തെക്കുറിച്ചോ പാക് ഉദ്യോഗസ്ഥർ ഇതുവരെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം, ഇന്ത്യവിരുദ്ധ പ്രവർത്തനങ്ങളുടെ നീണ്ട ചരിത്രമുള്ളയാളാണ് ബുർഹാൻ. ജമ്മു കശ്മീരിലെ യുവാക്കളെ തീവ്രവാദത്തിലേക്കും നയിക്കുന്നതിൽ ഇയാൾ പ്രധാന പങ്കുവഹിച്ചിരുന്നു.

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലുള്ള രത്‌നിപോറ മേഖല സ്വദേശിയായിരുന്നു ഇയാൾ. ഏഴ് വർഷം മുമ്പ് പാകിസ്താൻ സന്ദർശിച്ച ഇയാൾ അവിടെവെച്ച് 'അൽ-ബദർ' എന്ന ഭീകര സംഘടനയിൽ ചേരുകയായിരുന്നു. പിന്നീട് ഈ ഭീകരസംഘടനയുടെ ഓപ്പറേഷണൽ കമാൻഡറായി മാറിയ ബുർഹാൻ, സംഘടനയിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുന്ന ചുമതലയും ഏറ്റെടുത്തു. ഇതിനുപുറമേ, ജമ്മു കശ്മീരിലേക്ക് ഈ സംഘടനയ്ക്ക് ആവശ്യമായ ആയുധങ്ങൾ എത്തിക്കുന്ന മേൽനോട്ടവും ഇയാൾക്കായിരുന്നു.

2022-ൽ ഇന്ത്യൻ സർക്കാർ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചു. പുൽവാമയിലും തെക്കൻ കശ്മീരിന്റെ മറ്റ് ഭാഗങ്ങളിലും ഭീകരത പടർത്തുന്നതിന് പിന്നിലെ പ്രധാന ബുദ്ധി കേന്ദ്രം ബുർഹാന്റേതാണെന്നാണ് സുരക്ഷാ ഏജൻസികൾ കരുതുന്നത്. യുവാക്കളെ പ്രകോപിപ്പിക്കുന്നതിനും സംഘടനയിലേക്ക് ആകർഷിക്കുന്നതിനുമായി ബുർഹാൻ സമൂഹമാധ്യമം വ്യാപകമായി ഉപയോഗിച്ചിരുന്നു.

2019 ഫെബ്രുവരി 14-നാണ് ഇന്ത്യയെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടക്കുന്നത്. ജമ്മു കശ്മീരിലെ പുൽവാമയ്ക്ക് സമീപം ഇന്ത്യൻ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ വാഹനവ്യൂഹത്തിന് നേരെ ചാവേർ ആക്രമണം നടത്തുകയായിരുന്നു. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ബസിലേക്ക് ഇടിച്ചുകയറ്റിയതിനെ തുടർന്ന് 40 സി.ആർ.പി.എഫ് ജവാന്മാർ വീരമൃത്യു വരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഈ ആക്രമണം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര-സൈനിക ബന്ധങ്ങളിൽ വൻ സംഘർഷത്തിന് കാരണമാവുകയും, ഇതിന് തിരിച്ചടിയായി ഇന്ത്യ ബാലാകോട്ട് വ്യോമാക്രമണം നടത്തുകയും ചെയ്തു. കശ്മീരിന്റെ ചരിത്രത്തിൽ ഇന്ത്യൻ സുരക്ഷാ സേനയ്ക്ക് നേരെ നടന്ന ഏറ്റവും മാരകമായ ഭീകരാക്രമണങ്ങളിൽ ഒന്നാണിത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pulwama attack mastermind shot dead by unknown assailants in Pakistan
Next Story