രാഹുൽ ഗാന്ധിക്കൊപ്പം മോദിയെ ട്രോളി വൈറലായി; ബിജെപി പ്രതിഷേധത്തിന് പിന്നാലെ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ പുൽകിത് മണിയുടെ ഷോ റദ്ദാക്കി
text_fieldsന്യൂ ഡൽഹി : ഇൻഡോറിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വേദിയിലിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ രീതികളെയും പരിഹസിച്ച് ട്രോളിയതിന് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുൽകിത് മണിയുടെ നോയ്ഡയിലെ ഷോ റദ്ദാക്കി. സെപ്റ്റംബർ 19-ന് നടന്ന 'ഛാത്രോം കീ ഗൂഞ്ച്' പരിപാടിയിൽ മോദിയെ കളിയാക്കി ചെയ്ത മിമിക്രി വീഡിയോ കോൺഗ്രസ് പങ്കുവെച്ചതോടെയാണ് സംഭവം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്. ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും കടുത്ത പ്രതിഷേധവും വിമർശനവും ഉയർന്നതിന് പിന്നാലെ, "അപ്രതീക്ഷിത സാഹചര്യങ്ങൾ" കാരണം നോയ്ഡയിലെ പരിപാടി റദ്ദാക്കുന്നതായി ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പുൽകിത് അറിയിക്കുകയായിരുന്നു. പ്രേക്ഷകരോട് മാപ്പപേക്ഷിച്ച അദ്ദേഹം, ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദിയറിയിക്കുകയും ചെയ്തു.
ഇൻഡോറിലെ വേദിയിൽ മോദിയുടെ സംസാരരീതിയും ഭാവങ്ങളും വിദേശ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളെ പരിഹസിക്കുന്ന ശൈലിയുമാണ് പുൽകിത് അനുകരിച്ചത്. പ്രധാനമന്ത്രി വിദേശ നേതാക്കളെ കാണുമ്പോൾ സ്ഥിരമായി ഉപയോഗിക്കാറുള്ള "My Friend" എന്ന പ്രയോഗം എടുത്തുപറഞ്ഞ് കളിയാക്കിയപ്പോൾ, "ഞാൻ സുഖമായിരിക്കുന്നു, മോദിജിക്ക് എങ്ങനെയുണ്ട്?" എന്ന് രാഹുൽ ഗാന്ധി തിരിച്ചു ചോദിച്ചതും ചിരിച്ചതും ട്രോൾ വീഡിയോകൾക്ക് വലിയ പ്രചാരം നൽകി.
എന്നാൽ വെറുമൊരു രാഷ്ട്രീയ ഹാസ്യത്തിനപ്പുറം വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പ്രകടനം കടന്നുപോയെന്നാണ് ബിജെപി ആരോപിക്കുന്നത്. കോൺഗ്രസ് "കോമാളികളുടെയും ജോക്കർമാരുടെയും പാർട്ടിയായി" മാറിയെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജു വിമർശിച്ചത്. സോഷ്യൽ മീഡിയയിൽ @hunnywhoisfunny എന്ന അക്കൗണ്ടിലൂടെ രാഷ്ട്രീയ വ്യംഗ്യങ്ങളും മോദിയുടെ മിമിക്രിയും ചെയ്ത് ശ്രദ്ധേയനായ കലാകാരനാണ് പുൽകിത് മണി. പല പ്രമുഖരുടെയും ശബ്ദങ്ങൾ അനുകരിക്കാറുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിമിക്രി വീഡിയോകളിലൂടെയാണ് പുൽകിത് സോഷ്യൽ മീഡിയയിൽ വൻ ജനപ്രീതി നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

