പൂജാരി വെടിയേറ്റ് മരിച്ച നിലയിൽ;ഗോപാൽഗഞ്ചിൽ സംഘർഷം
text_fieldsഗോപാൽഗഞ്ച്: ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ കാണാതായ പൂജാരിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലും സ്വകാര്യഭാഗങ്ങളിൽ മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം. മനോജ് കുമാറാണ് (32) മരിച്ചത്.
ധനപൂർ ഗ്രാമത്തിലെ ശിവക്ഷേത്രത്തിൽനിന്ന് കഴിഞ്ഞ തിങ്കളാഴ്ച അർധരാത്രിയോടെ മനോജ് കുമാർ പുറത്തേക്ക് പോകുന്നത് കണ്ടവരുണ്ട്. പിന്നീട് ഇയാളെ കാണാതാകുകയായിരുന്നു. കുടുംബം പൊലീസിൽ പരാതി നൽകിയതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തിയത്.
മനോജ് കുമാറിന്റെ സഹോദരൻ അശോക് മുൻ ബി.ജെ.പി പ്രവർത്തകനാണ്. സംഭവത്തിൽ പൊലീസ് അനാസ്ഥ ആരോപിച്ച് ഗ്രാമവാസികൾ ദേശീയപാത ഉപരോധിച്ചു.
പൊലീസിനുനേരെ കല്ലേറ് നടത്തുകയും പൊലീസ് വാഹനത്തിന് തീവെക്കുകയും ചെയ്തു. രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു. സ്ഥിതിഗതികൾ നിയന്ത്രണാധീനമാണെന്നും പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

