‘നീതിന്യായത്തിലുള്ള ജനവിശ്വാസം ആജ്ഞാപിച്ച് നടപ്പാക്കാനാകില്ല, നേടിയെടുക്കണം’; ചീഫ് ജസ്റ്റിസ് പദവിയൊഴിഞ്ഞ് ജസ്റ്റിസ് സഞ്ജീവ് ഖന്ന
text_fieldsജസ്റ്റിസ് സഞ്ജീവ് ഖന്ന
ന്യൂഡൽഹി: നീതിന്യായത്തിലുള്ള ജനവിശ്വാസം ആജ്ഞാപിച്ച് നടപ്പാക്കാനാകില്ലെന്നും അത് നേടിയെടുക്കേണ്ടതാണെന്നും സൂപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. അഭിഭാഷകരിലൂടെയും ജഡ്ജിമാരിലൂടെയുമാണ് ജനവിശ്വാസം നേടിയെടുക്കേണ്ടത്. ഇരുവിഭാഗവും ചേർന്ന് പ്രവർത്തിക്കുമ്പോഴാണ് നീതി നടപ്പാകുന്നതെന്നും നാം ജനവിശ്വാസം നേടിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് വിരമിക്കവേ വിടവാങ്ങൽ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
“ഞാനേറെ വികാരഭരിതനാണ്, എന്‍റെ മനസ്സിലൂടെ ഒരുപാട് ഓർമകൾ കയറിയിറങ്ങുന്നു. മനോഹരമായ ഒരുപാട് ഓർമകൾ എപ്പോഴും എന്നോടൊപ്പമുണ്ടാകും. ഒരിക്കൽ നിങ്ങൾ അഭിഭാഷകനായാൽ എല്ലായ്പ്പോഴും അഭിഭാഷകനായിരിക്കും. നീതിന്യായത്തിലുള്ള ജനവിശ്വാസം ആജ്ഞാപിച്ച് നടപ്പാക്കാനാകില്ല. അത് നേടിയെടുക്കേണ്ടതാണ്. അഭിഭാഷകരിലൂടെയും ജഡ്ജിമാരിലൂടെയുമാണ് നാമത് നേടിയത്.
അഭിഭാഷകരും ജഡ്ജിമാരും ചേർന്നതാണ് നീതിന്യായ വ്യവസ്ഥ. അഭിഭാഷകരാണ് മനഃസാക്ഷി സൂക്ഷിപ്പുകാൻ. വ്യത്യസ്ത പശ്ചാത്തലത്തിൽ നിന്നുള്ളവരാണ് സുപ്രീംകോടതിയിൽ ജഡ്ജിമാരാകുന്നത്. ആ വൈജാത്യം നല്ല തീരുമാനങ്ങളിലേക്കെത്താൻ കോടതിയെ സഹായിക്കുന്നു. ജസ്റ്റിസ് ബി.ആർ. ഗവായ് എനിക്ക് ഏറെ പിന്തുണ നൽകിയ ആളാണ്. വളരെ മികച്ച ചീഫ് ജസ്റ്റിസിനെ അദ്ദേഹത്തിൽ കാണുന്നു. മൗലികാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനുമായി അദ്ദേഹം നിലകൊള്ളും” -ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.
മുൻ സുപ്രീംകോടതി ജഡ്ജിയായിരുന്ന അമ്മാവൻ എച്ച്.ആർ. ഖന്നയുമായി തന്നെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന മാധ്യമപ്രവർത്തകരോട് പറഞ്ഞു. അന്നത്തെ സാഹചര്യം ഏറെ വ്യത്യസ്തമായിരുന്നുവെന്നും എച്ച്.ആർ. ഖന്ന ഒരു ധിഷണാശാലി ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വലിയ രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ച 1971-77 കാലഘട്ടത്തിലായിരുന്നു എച്ച്.ആർ. ഖന്ന സുപ്രീംകോടതിയിൽ ജഡ്ജിയായിരുന്നത്.
അഭിഭാഷകനായിരുന്ന സഞ്ജീവ് ഖന്ന, 2005ലാണ് ഡൽഹി ഹൈകോടതിയിൽ അഡീഷനൽ ജഡ്ജിയായി ചുമതലയേറ്റത്. ഒരു വർഷത്തിനു ശേഷം സ്ഥിരനിയമനമായി. 2019ൽ സുപ്രീംകോടതി ജഡ്ജിയായി. ഇക്കഴിഞ്ഞ നവംബറിലാണ് ചീഫ് ജസ്റ്റിസായത്. 370 വകുപ്പിന്‍റെ റദ്ദാക്കൽ, ഇലക്ടറൽ ബോണ്ട് സ്കീം, ഇ.വി.എം-വിവിപാറ്റ് ക്രമക്കേട് കേസ്, എന്നിവയിലെല്ലാം അദ്ദേഹം ഉൾപ്പെട്ട ബെഞ്ചാബ് തീർപ്പ് കൽപ്പിച്ചത്. ഇന്ത്യയുടെ 52-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ. ഗവായ് ബുധനാഴ്ച ചുമതലയേൽക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.